അഭിഷേക് ബാനർജിക്ക് നേരേ ആക്രമണം, ചീമുട്ടയേറ്; ബിജെപിക്കെതിരേ തൃണമൂൽ, ആസൂത്രിതമെന്ന് ആരോപണം

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും എം.പി.യുമായ അഭിഷേക് ബാനർജിക്ക് നേരേ ആക്രമണം. കൊല്ലപ്പെട്ട തൃണമൂൽ പ്രവർത്തകന്റെ വീട് സന്ദർശിക്കാനെത്തിയ വേളയിലാണ് അഭിഷേക് ബാനർജിക്ക് നേരേ ആക്രമണമുണ്ടായത്. അഭിഷേക് ബാനർജിയെ കൈയേറ്റംചെയ്ത അക്രമികൾ ചീമുട്ട എറിയുകയും ചെയ്തു. ശനിയാഴ്ച സൗത്ത് 24 പർഗാനസിലെ സോനാർപുരിലാണ് സംഭവം. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ക്രിക്കറ്റ് ഹെൽമെറ്റ് ധരിച്ചാണ് അഭിഷേക് ബാനർജി സ്ഥലത്തെത്തിയത്. പ്രവർത്തകന്റെ വീട്ടിലേക്ക് നടക്കുന്നതിനിടെ ഒരുകൂട്ടം ആളുകൾ അദ്ദേഹത്തെ കൈയേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് കൂടുതൽ പോലീസുകാരെത്തിയാണ് അക്രമികളിൽനിന്ന് അഭിഷേകിനെ രക്ഷപ്പെടുത്തിയത്.
അതേസമയം, തനിക്കെതിരേ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്ന് മമതാ ബാനർജിയുടെ അനന്തരവൻ കൂടിയായ അഭിഷേക് ബാനർജി പ്രതികരിച്ചു. അവർ തന്നെ കൊല്ലാനാണ് ശ്രമിച്ചത്. തന്റെ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് പോലീസ് സംരക്ഷണം നൽകണം. പ്രവർത്തകരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയ്ക്കായി പോലീസിനെ അയക്കാതെ താൻ ഇവിടെനിന്ന് പോകില്ലെന്നും കൊല്ലപ്പെട്ട പ്രവർത്തകന്റെ വീട്ടിൽവെച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളിലാണ് സോനാർപുരിൽ തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ബിജെപിയാണെന്നാണ് തൃണമൂലിന്റെ ആരോപണം. ശനിയാഴ്ച അഭിഷേകിനെ ആക്രമിച്ചതും ബിജെപി പ്രവർത്തകരാണെന്നും തൃണമൂൽ നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ ആഭ്യന്തരമന്ത്രി ഉത്തരം പറയണമെന്നും തൃണമൂൽ നേതാക്കൾ ആവശ്യപ്പെട്ടു.
രണ്ടുദിവസം മുൻപ് തൃണമൂൽ നേതാവും എം.പി.യുമായ സൗഗതാ റോയ്ക്ക് നേരേയും ആക്രമണമുണ്ടായിരുന്നു. സ്വന്തം മണ്ഡലമായ ഡം ഡമ്മിൽവെച്ചാണ് സൗഗതാ റോയിയെ കൈയേറ്റംചെയ്തത്.
Content Highlights: TMC MP Abhishek Banerjee attacked by a mob in Sonarpur., The incident occurred during a visit to a deceased party worker's home., Abhishek Banerjee alleged a pre-planned attempt on his life., TMC blames BJP for the recent surge in post-election violence., Demands for police protection for affected families and accountability from the Home Minister.