അഭിഷേക് ബാനർജിക്കെതിരായ ആക്രമണം; അറസ്റ്റിലായവർക്ക് ടിഎംസി മുൻ എംഎൽഎയുമായി ബന്ധം, ട്വിസ്റ്റ്

#ന്യൂസ് ഡെസ്ക്
Photo: PTI
Photo: PTI

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അഭിഷേക് ബാനർജിക്കെതിരായ ആക്രമണത്തിൽ അറസ്റ്റിലായ പ്രതികളിൽ ടിഎംസി മുൻ എംഎൽഎയുമായി അടുത്ത ബന്ധമുള്ളവരുമുണ്ടെന്ന് റിപ്പോർട്ട്. സോനാപുരിലെ ടിഎംസി മുൻ എംഎൽഎ ലവ്‌ലി മൈത്രയുമായി അടുത്ത് ബന്ധമുള്ളവരാണ് പിടിയിലായവരിൽ നാലുപേരെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. വാർത്ത പുറത്തുവന്നതിന് പിന്നാലെ പാർട്ടിക്കുള്ളിൽ തന്നെ അസ്വാരസങ്ങൾ ഉടലെടുത്തതായാണ് വിവരം.

അഭിഷേക് ബാനർജിക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തവരിൽ തപൻ മെയ്തി, ആകാശ് എന്നീ രണ്ടുപേർ ആക്രമണ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തപൻ മെയ്തി ടിഎംസി മുൻ എംഎൽഎ ലവ്‌ലി മൈത്രയുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ലവ്ലി മൈത്രയുമായി ബന്ധമുള്ള കാജൽ ദാസ്, ദേബാശിഷ് ദത്ത എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആകാശ് ഗയാൻ പ്രാദേശിക തൃണമൂൽ കോൺഗ്രസ് പ്രവർത്തകനാണെന്നാണ് വിവരം. ഇക്കാര്യം ഇദ്ദേഹത്തിന്റെ മാതാവ് ശരിവെച്ചതായും റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയുമായി അടുത്തിടപഴകുന്നയാളാണ് ആകാശ് എന്നും തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ടിഎംസി ബൂത്തുകളിൽ ഇയാൾ ഇരിക്കാറുണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. എന്താണ് ഇത്തരത്തിൽ ഒരു ആക്രമണത്തിന് പിന്നിലെന്ന് തനിക്കറിയില്ലെന്ന് ആകാശിന്റെ മാതാവ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

അഭിഷേക് ബാനർജിയെ ആക്രമിച്ചതിന് പിന്നാലെ ആകാശ് തിരികെ വീട്ടിലെത്തി ഫുട്ബോൾ കളിക്കാനായി ഗ്രൗണ്ടിൽ പോയി. അർധരാത്രിയോടെയായിരുന്നു ആകാശിനെ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുന്നത്.  ഇതിനൊപ്പം ജോയ് ഗുപ്ത എന്നറിയപ്പെടുന്ന നിർമാല്യ സെൻഗുപ്ത എന്നയാളും അറസ്റ്റിലായിട്ടുണ്ട്. ഇയാൾ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവാണെന്നാണ് റിപ്പോർട്ട്. എന്നാൽ ജോയ് ഗുപ്തയെ വ്യാജമായി കേസിൽ പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. അഭിഷേക് ബാനർജിക്കെതിരായ ആക്രണത്തിൽ ജോയ് ഗുപ്തയ്ക്ക് യാതൊരു പങ്കുമില്ലെന്ന് കുടുംബം പറഞ്ഞു.

Content Highlights: Five suspects arrested in connection with the attack on Abhishek Banerjee., Reports indicate links between the accused and former TMC MLA Lovely Maitra., Suspect Akash Gayen identified as a local TMC worker by his family., Family of accused Joy Gupta claims he was falsely implicated., Internal political tension within the TMC following the revelations.