'ദീപ്‌കെയ്ക്ക് ആദ്യംതന്നെ മാതാപിതാക്കൾ രണ്ടടി കൊടുത്തിരുന്നെങ്കിൽ കാര്യങ്ങൾ ഈ നിലയിൽ എത്തില്ലായിരുന്നു’- വിമർശനവുമായി വിമാനയാത്രക്കാരൻ

ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്‌കരണത്തിലെ ക്രമക്കേടുകൾക്കെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഒക്ടോബർ 10-ന് നടത്താനിരുന്ന മാർച്ചിൽ പങ്കെടുക്കാൻ എത്തിയ കോക്‌റോച്ച് ജനതാ പാർട്ടി (ഇഖജ) സ്ഥാപകൻ അഭിജീത് ദീപ്കെ, പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവർ അറസ്റ്റിലായ സംഭവത്തെക്കുറിച്ച് നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. ശരിക്കും വിമാനത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുകയാണ് അവർക്കൊപ്പമുണ്ടായിരുന്ന സഹയാത്രികൻ.
'അഭിജീത് ദീപ്കെ, പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരോടൊപ്പം മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ (അക 2428) ആണ് ഞാനും യാത്ര ചെയ്തിരുന്നത്. വിമാനം ലാൻഡ് ചെയ്ത ഉടൻ ഡൽഹി പോലീസ് വിമാനത്തിനുള്ളിൽ പ്രവേശിച്ച് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.' സഹയാത്രികൻ പറയുന്നു.
'നാടകീയ സംഭവങ്ങൾ അരങ്ങേറുമ്പോൾ വിമാനത്തിലെ യാത്രക്കാർ നിശബ്ദരായ കാഴ്ചക്കാരായിരുന്നു. ചിലർ സിജെപി നേതാക്കളോട് അനുകമ്പ കാണിച്ചപ്പോൾ, മറ്റുള്ളവർ അവരെ വിമർശിക്കുകയായിരുന്നു. ദീപ്കെയ്ക്കും സംഘത്തിനും പ്രാധാന്യം നൽകിയതിന് ചില യാത്രക്കാർ മാധ്യമപ്രവർത്തകർക്ക് നേരെ രോഷം പ്രകടിപ്പിച്ചു. നിങ്ങൾക്ക് പണം നൽകിയിട്ടാകും ഇയാളെ കവർ ചെയ്യാൻ വിളിച്ചത്- എന്നായിരുന്നു ഒരു യാത്രക്കാരന്റെ കമന്റ്.'
'ദീപ്കെയ്ക്ക് മാതാപിതാക്കൾ രണ്ട് തല്ല് കൊടുത്തിരുന്നെങ്കിൽ കാര്യങ്ങൾ ഈ നിലയിൽ എത്തില്ലായിരുന്നു എന്ന് കൂടുതൽ രൂക്ഷമായ ഭാഷയിലാണ് മറ്റൊരു മുതിർന്ന യാത്രക്കാരൻ പ്രതികരിച്ചത്. പിന്നാലെ സിജെപി നേതാക്കളെ വിമാനത്തിൽനിന്ന് പ്രത്യേക ബസിൽ കൊണ്ടുപോവുകയായിരുന്നു. അതിനുശേഷം ഞാൻ ഉൾപ്പെടെയുള്ള മറ്റ് യാത്രക്കാരും പതുക്കെ വിമാനത്തിൽ നിന്ന് പുറത്തിറങ്ങി.' എൻഡിടിവിയോട് സംസാരിക്കവെ ദീപ്‌കെയുടെ സഹയാത്രികൻ വ്യക്തമാക്കി.
ജന്തർ മന്തറിലെ പ്രതിഷേധത്തിന് മുന്നോടിയായി സിജെപിയുടെ പ്രമുഖ നേതാക്കൾ ഡൽഹിയിൽ എങ്ങനെ എത്തുമെന്നതിനെക്കുറിച്ച് കഴിഞ്ഞ 24 മണിക്കൂറായി വലിയ ആകാംക്ഷ നിലനിന്നിരുന്നു. വോട്ടർ പട്ടിക പരിഷ്‌കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ (ഇഋഇ) ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടാണ് ഒക്ടോബർ 10-ന് പ്രതിഷേധം നടത്താൻ സിജെപി ആഹ്വാനം ചെയ്തിരുന്നത്.
‘ശനിയാഴ്ച, മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിലെ ബോർഡിങ് ഗേറ്റിൽ മൂന്നുപേരിൽ ആദ്യമെത്തിയത് ദീപ്കെ ആയിരുന്നു. രങ്കയും ദാസും എത്തുന്നതിനായി അദ്ദേഹം കാത്തിരുന്നു. വൈകുന്നത് കാരണം വിമാനം മിസ്സാകുമോ എന്ന് അദ്ദേഹം ആശങ്കപ്പെടുന്നതായി തോന്നിച്ചിരുന്നു.’ എന്നും സഹയാത്രികൻ പറയുന്നു.
‘എന്നാൽ, അധികം വൈകാതെതന്നെ ദാസും രങ്കയും അവിടെയെത്തി. ഡൽഹിയിൽ എത്തിയ ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് മൂവരും ആവേശഭരിതരായിരുന്നു. വിമാനത്തിലേക്ക് പോകുന്ന ബസ് യാത്രയ്ക്കിടെ, ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകർക്ക് ദീപ്കെ അഭിമുഖങ്ങൾ നൽകി. ടെർമിനൽ 2-ൽ നിന്ന് ടെർമിനൽ 1-ലേക്ക് യാത്രക്കാരെ കൊണ്ടുപോയി ബോർഡിങ് പൂർത്തിയാക്കാൻ വളരെയധികം സമയമെടുത്തിരുന്നു.’ യാത്രികൻ പറയുന്നു.
‘സർക്കാർ ഭയന്നിരിക്കുകയാണെന്നും, സിഇസി ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് ഈ കസ്റ്റഡിയിലെടുക്കലുകളെന്നും ദീപ്കെ അഭിമുഖങ്ങളിൽ പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു. 'നിങ്ങൾക്ക് ഡൽഹി മുഴുവൻ അടച്ചിടാം, പക്ഷേ ഞങ്ങൾ വരും' എന്നാണ് അദ്ദേഹം പറഞ്ഞത്.’
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിലേക്ക് വരികയായിരുന്ന നിരവധി പ്രതിഷേധക്കാരെയാണ് പോലീസ് തടഞ്ഞുവെച്ചത്. ചിലരെ ട്രെയിനുകളിൽ യാത്ര ചെയ്യുന്നതിനിടയിലാണ് കസ്റ്റഡിയിലെടുത്തത്.
'അവർ നമ്മളെയും അകത്താക്കും'
‘വിമാനത്തിൽ കയറിയ ശേഷം ദീപ്കെയും സംഘവും ഇക്കണോമി ക്ലാസിലെ മുൻനിരയിലെ സീറ്റുകളിൽ ഇരുന്നു. വിമാനം ഡൽഹി ഐ.ജി.ഐ. വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടൻ, ഞാൻ അവരോട് സംസാരിക്കാനായി അടുത്തേക്ക് പോയി. മിനിറ്റുകൾക്കകം നടക്കാൻ പോകുന്ന സംഭവങ്ങളെക്കുറിച്ച് എനിക്കോ സി.ജെ.പി. നേതാക്കൾക്കോ യാതൊരു സൂചനയും ഉണ്ടായിരുന്നില്ല.’
'എല്ലാവരെയും അവർ കസ്റ്റഡിയിലെടുത്തു. നമ്മളെയും അകത്താക്കും', ദീപ്കെ എന്നോട് പറഞ്ഞു. ഞാൻ എന്റെ സീറ്റിലേക്ക് മടങ്ങി. താമസിയാതെ, സീറ്റിൽ തന്നെ തുടരാൻ വിമാനത്തിലെ കാബിൻ ക്രൂ യാത്രക്കാരോട് ആവശ്യപ്പെട്ടു. മിനിറ്റുകൾക്കകം ഡൽഹി പോലീസിന്റെ ഒരു സംഘം വിമാനത്തിനുള്ളിലേക്ക് കടന്നുവന്നു. വനിതാ പോലീസ് ഉദ്യോഗസ്ഥരായിരുന്നു ഈ സംഘത്തിന് നേതൃത്വം നൽകിയത്.’
‘ഉദ്യോഗസ്ഥരെ കണ്ട ഉടൻ ദീപ്കെ ഈ സംഭവം സാമൂഹികമാധ്യമത്തിലൂടെ തത്സമയം സംപ്രേഷണം ചെയ്യാൻ തുടങ്ങി. ഒടുവിൽ പോലീസ് മൂന്ന് നേതാക്കളെയും കസ്റ്റഡിയിലെടുത്തു. ആദ്യം രങ്കയെയും, പിന്നീട് ദാസിനെയും, ജനലിനടുത്തിരുന്ന ദീപ്കെയെയുമാണ് പുറത്തേക്ക് കൊണ്ടുപോയത്. കസ്റ്റഡിയിലെടുക്കുമ്പോൾ സിജെപി നേതാക്കൾ 'ഭാരത് മാതാ കി ജയ്' മുദ്രാവാക്യങ്ങൾ വിളിക്കുന്നുണ്ടായിരുന്നു.’ സഹയാത്രികൻ പറഞ്ഞു.
Content Highlights: In New Delhi, the arrest of Abhijeet Dipke, founder of the Cockroach Janata Party (CJP), along with party leaders Saurav Das and Ashutosh Rank, has sparked numerous reports. They were detained upon arrival in Delhi, where they intended to participate in a protest on October 10, demanding the resignation of Chief Election Commissioner Jnanesh Kumar over alleged voter list irregularities.