മദ്യനയ കേസ്: സഞ്ജയ് സിങ്ങിന് രണ്ടുകോടി ലഭിച്ചെന്ന് ED കോടതിയിൽ; അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽവിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ.എ.പി. നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ്ങിനെ ഡല്‍ഹി റോസ് അവന്യൂ കോടതി അഞ്ചു ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ പത്തുവരെയാണ് സഞ്ജയ് സിങ്ങിനെ ഇ.ഡി. കസ്റ്റഡിയില്‍ വിടാന്‍ ഡല്‍ഹി കോടതി സ്‌പെഷല്‍ ജഡ്ജി എം.കെ. നാഗ്പാല്‍ ഉത്തരവിട്ടിരിക്കുന്നത്.
കേസിലെ മുഖ്യ ഗൂഢാലോചനക്കാരന്‍ സഞ്ജയ് ആണെന്നാണ് ഇ.ഡിയുടെ വാദം. ഒരു ബിസിനസുകാരന്‍ രണ്ടുകോടി രൂപ സഞ്ജയ് സിങ്ങിന് നല്‍കിയെന്നും ഇത് ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടുള്ള പണത്തിന്റെ ഭാഗമാണെന്നും ഇ.ഡി. കോടതിയില്‍ ആരോപിച്ചു. മാപ്പുസാക്ഷിയായി മാറിയ ബിസിനസുകാരന്‍ ദിനേഷ് അറോറ ഉള്‍പ്പെടെ കേസിലെ നിരവധി കുറ്റാരോപിതരുമായി സഞ്ജയ് സിങ്ങിന് അടുത്തബന്ധമാണുള്ളതെന്നും ഇ.ഡി. ആരോപിക്കുന്നുണ്ട്.
സഞ്ജയ് സിങ്ങിന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ ആരോപണം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇ.ഡി. അവകാശപ്പെട്ടു. സഞ്ജയ് സിങ്ങിന് രണ്ടുകോടി രൂപ കൈമാറിയത് ദിനേശ് അറോറയുടെ ജീവനക്കാരനായിരുന്ന സര്‍വേഷ് എന്നയാളാണെന്നും അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു.
ബുധനാഴ്ചയാണ് സഞ്ജയ് ഇ.ഡിയുടെ പിടിയിലായത്. അദ്ദേഹത്തിന്റെ വീട്ടില്‍ ദിവസം മുഴുവന്‍ ഇ.ഡി. തിരച്ചില്‍ നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ എ.എ.പി. നേതാവാണ് സഞ്ജയ് സിങ്. ഫെബ്രുവരിയില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ആദ്യം അറസ്റ്റിലായത്.
Content Highlights: aap mp sanjay singh sent to five day ed custody in delhi excise policy case