സ്വാതി മാലിവാളിനെ സന്ദര്‍ശിച്ച് എ.എ.പി. നേതാവ് സഞ്ജയ് സിങ്; പ്രതിഷേധവുമായി ബി.ജെ.പി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി. ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ സഹായി വൈഭവ് കുമാര്‍ അപമര്യാദയായി പെരുമാറിയ സംഭവവുമായി ബന്ധപ്പെട്ട് രാജ്യസഭാ എം.പി. സ്വാതി മാലിവാളിനെ സന്ദര്‍ശിച്ച് എ.എ.പി. നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ്. വൈഭവ് കുമാര്‍ സ്വാതി മാലിവാളിനോട് മോശമായി പെരുമാറിയെന്ന വാര്‍ത്ത കഴിഞ്ഞദിവസം സഞ്ജയ് സിങ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദര്‍ശനം.
ഡല്‍ഹി വനിതാ കമ്മിഷന്‍ അംഗം വന്ദനാ സിങ്ങിനൊപ്പമാണ് സഞ്ജയ് സിങ് സ്വാതിയെ വീട്ടിലെത്തി കണ്ടത്. രാജ്യസഭാ എം.പിയാകുന്നതിന് മുമ്പ് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷയായിരുന്നു സ്വാതി മാലിവാള്‍. സന്ദര്‍ശനം സംബന്ധിച്ച് സ്വാതിയോ സഞ്ജയ് സിങ്ങോ പ്രതികരിച്ചില്ല.
അതേസമയം, സംഭവത്തില്‍ പ്രതിഷേധവുമായി ബി.ജെ.പി. രംഗത്തെത്തി. അതിമക്രമമുണ്ടായതിന് ശേഷം സ്വാതി മാലിവാളിനെ നിശബ്ദയാക്കിയെന്നും സ്വാതിയുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്നും ബി.ജെ.പി. ആരോപിച്ചു. നിശബ്ദയായി തുടരാനും പരാതി നല്‍കുന്നതിന് പകരം പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയാനുമായി സ്വാതിക്കുമേല്‍ സമ്മര്‍ദം ചെലുത്താനുമാണ് എ.എ.പി. ശ്രമിക്കുന്നത് എന്നതിന്റെ തെളിവാണ് സംഭവമുണ്ടായി 50 മണിക്കൂറിന് ശേഷം സഞ്ജയ് സിങ് സ്വാതി മാലിവാളിന്റെ വസതിയിലെത്തിയതെന്ന് ബി.ജെ.പി. ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് സ്വാതി മാലിവാളിനുനേരെ മോശം പെരുമാറ്റമുണ്ടായത്. കെജ്‌രിവാളിനെ കാണാനായി സിവില്‍ ലൈന്‍സിലെ വസതിയിലെത്തിയതായിരുന്നു അവര്‍. രാവിലെ 09:34-ന് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഒരു സ്ത്രീയുടെ ഫോണ്‍ വന്നു. കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് താന്‍ ആക്രമിക്കപ്പെട്ടുവെന്നാണ് സ്ത്രീ പോലീസിനോട് പറഞ്ഞത്. രണ്ടാമത്തെ ഫോണ്‍ കോളിലാണ് തന്റെ പേര് സ്വാതി മാലിവാള്‍ എന്നാണെന്ന് പോലീസിനോട് പറയുന്നത്. പിന്നീട് സിവില്‍ ലൈന്‍സ് പോലീസ് സ്‌റ്റേഷനിലെത്തിയ സ്വാതി പരാതി നല്‍കാതെ മടങ്ങുകയായിരുന്നു.
ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സഞ്ജയ് സിങ് അതിക്രമ വാര്‍ത്ത സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് സ്വാതി മാലിവാളിനോട് വൈഭവ് കുമാര്‍ അപമര്യാദയായി പെരുമാറിയെന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സഞ്ജയ് സിങ് പറഞ്ഞിരുന്നു.
Content Highlights: Sanjay Singh meets Swati Maliwal amid assault row; BJP stages protest