ഉത്തരേന്ത്യയില്‍ ഒരു സ്ത്രീക്ക് 10 പുരുഷന്‍മാരെ വിവാഹം ചെയ്യാം-വിവാദ പരാമര്‍ശവുമായി ഡി.എം.കെ മന്ത്രി

ദുരൈ മുരുകന്‍ | Photo: Mathrubhumi
ദുരൈ മുരുകന്‍ | Photo: Mathrubhumi

ചെന്നൈ: ഉത്തരേന്ത്യയില്‍ ഒരു സ്ത്രീക്ക് 10 പുരുഷന്‍മാരെ വരെ വിവാഹം ചെയ്യാമെന്ന വിവാദ പരാമര്‍ശവുമായി തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകന്‍. തമിഴ് ഭാഷയെ അപമാനിക്കുന്നവരുടെ നാവ് മുറിച്ചുകളയുമെന്നും മന്ത്രി ഒരു പൊതുചടങ്ങില്‍ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ത്രിഭാഷ നയത്തില്‍ കേന്ദ്രത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ മന്ത്രിയുടെ പരാമര്‍ശം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. 

തമിഴ്‌നാടിന്റെ സംസ്‌കാരമാണ് മികച്ചതെന്നും ഉത്തരേന്ത്യക്കാര്‍ ബഹുഭാര്യത്വം പ്രോത്സാഹിപ്പിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു. മഹാഭാരതത്തില്‍ ദ്രൗപദി പഞ്ചപാണ്ഡവന്‍മാരെ വിവാഹം ചെയ്തത് ഉദാഹരണമാക്കിയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

'നമ്മുടെ സംസ്‌കാരത്തില്‍ ഒരു പുരുഷന് ഒരു സ്ത്രീയെയാണ് വിവാഹം ചെയ്യാനാകുക. എന്നാല്‍ ഉത്തരേന്ത്യയില്‍ അങ്ങനെയല്ല. ഒരു സ്തീക്ക് അഞ്ചോ പത്തോ പുരുഷന്‍മാരെ വിവാഹം ചെയ്യാം. അഞ്ച് പുരുഷന്‍മാര്‍ക്ക് ഒരു സ്ത്രീയേയും വിവാഹം ചെയ്യാം. അതാണ് അവരുടെ സംസ്‌കാരം. ഒരാള്‍ പോയാല്‍ മറ്റൊരാള്‍ വരും.'- മന്ത്രി വ്യക്തമാക്കി. 

ജനസംഖ്യയുമായി ബന്ധപ്പെട്ടും മന്ത്രി പരാമര്‍ശങ്ങള്‍ നടത്തി. 'കോണ്‍ഗ്രസും കേന്ദ്രത്തില്‍ ഭരിക്കുന്നവരാരോ അവരും ഞങ്ങളോട് ജനസംഖ്യ നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ അത് ചെയ്തു. ഇപ്പോള്‍ ജനസംഖ്യ കുറഞ്ഞു. എന്നാല്‍ ഉത്തരേന്ത്യയില്‍ ജനസംഖ്യ കൂടുതലാണ്‌. അവര്‍ 17ഉം 18ഉം 19ഉം കുട്ടികള്‍ക്ക് ജന്മം നല്‍കുന്നു. അവര്‍ക്ക് മറ്റ് ജോലികളൊന്നുമില്ല.' മന്ത്രി ആരോപിച്ചു. 

പാര്‍ലമെന്റില്‍ ഡി.എം.കെ എം.പിമാര്‍ക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ അധിക്ഷേപകരമായ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ട് തമിഴരെ അപമാനിക്കുന്നവര്‍ക്ക് ദുരൈ മുരുകന്‍ മുന്നറിയിപ്പ് നല്‍കി. 'ഈ ദുര്‍ഗന്ധം വമിക്കുന്ന സംസ്‌കാരത്തില്‍ നിന്നാണ് നിങ്ങള്‍ വരുന്നത്. നിങ്ങള്‍ ഞങ്ങളെ അപരിഷ്‌കൃതര്‍ എന്ന് വിളിക്കുകയാണോ?. ഞങ്ങള്‍ നിങ്ങളുടെ നാവ് മുറിക്കും.സൂക്ഷിക്കുക,' ഡി.എം.കെ മന്ത്രി പറഞ്ഞു.

Content Highlights: a woman can marry 10 men in north dmk ministers delimitation jab sparks row