ഏഴ് വയസ്സുകാരന്റെ വെടിയേറ്റ് സഹോദരൻ മരിച്ചു; ഫാം ഉടമയും സഹായിയും അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ ഏഴു വയസ്സുകാരൻ അബദ്ധത്തിൽ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തതിനെ തുടർന്ന് സഹോദരനായ ഒമ്പതു വയസ്സുകാരൻ മരിച്ചു. കരിയപ്പ ബസപ്പ (9) ആണ് മരിച്ചത്.
സിർസിക്ക് സമീപം സോമനഹള്ളി ചിപ്പഗി ഗ്രാമത്തിലെ ഒരു ഫാമിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫാമിലെ സഹായിയായ നിതീഷ് ഗൗഡ (40) കൈവശം വെച്ചിരുന്ന എയർഗൺ കരിയപ്പയുടെ ഏഴു വയസ്സുകാരനായ സഹോദരന്റെ കൈവശമെത്തുകയും കളിക്കുന്നതിനിടയിൽ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഫാം ഉടമയ്ക്കും സഹായിക്കുമെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഫാമിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കരിയപ്പ വെടിയേറ്റ് നിലത്തേക്ക് വീഴുന്നത് ദൃശ്യങ്ങളിലുണ്ട്. വെടിയുതിർത്തത് അടുത്ത ദൂരത്തുനിന്നാണെന്നും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
കരിയപ്പയുടെ അമ്മ പവിത്ര ബസപ്പയുടെ പരാതിയിൽ ഗൗഡയ്ക്കും ഫാം ഉടമയായ രാഘവ് ഹെഗാഡെയ്‌ക്കുമെതിരെ കൊലപാതകത്തിനും ലൈസൻസില്ലാതെ തോക്ക് കൈവശം വെച്ചതിന് ഇന്ത്യൻ ആംസ് ആക്ട് പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്.
രാഘവ് ഹെഗാഡെയുടെ സഹോദരൻ ഗണപതി ഹെഗാഡെയുടെ ഉടമസ്ഥതയിലുള്ള ഫാമിലാണ് സംഭവം നടന്നത്. ഗണപതിയുടെ ഫാമിലെ തൊഴിലാളികളായിരുന്നു പവിത്രയും കുടുംബവും. തൊട്ടടുത്ത ഫാം രാഘവിന്റെ ഉടമസ്ഥതയിലാണ്. വെടിയുതിർത്ത സമയത്ത് രാഘവ് ഗണപതിയുടെ ഫാമിലെത്തിയിരുന്നു.
രാഘവ് ലൈസൻസില്ലാത്ത ഒരു എയർഗൺ സംഘടിപ്പിക്കുകയും കുരങ്ങുകളെ ഓടിക്കാൻ ഗൗഡയുടെ സഹായം തേടുകയും ചെയ്തിരുന്നു എന്ന് പവിത്രയുടെ പരാതിയിൽ പറയുന്നു. സെപ്തംബർ 5-ന് കുട്ടികൾ ഫാമിൽ കളിക്കുമ്പോൾ, സഹായിയായ ഗൗഡ എയർഗൺ ഉപയോഗിച്ച് തന്റെ മകൻ കരിയപ്പയ്ക്ക് നേരെ വെടിവെച്ചുവെന്നും അവർ ആരോപിക്കുന്നു.
Content Highlights: Tragedy in Karnataka as a 9-year-old boy dies after being accidentally shot by his 7year-old brother