ഝാര്‍ഖണ്ഡിലെ നിയുക്ത എം.എല്‍.എമാരില്‍ 89 ശതമാനവും കോടീശ്വരന്മാര്‍

റാഞ്ചി: ഝാര്‍ഖണ്ഡിലെ നിയുക്ത എം.എല്‍.എമാരില്‍ 89 ശതമാനംപേരും കോടിപതികളെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 14 പേര്‍ക്ക് ഒരു കോടിയോ അതിന് മുകളിലോ ബാധ്യതയുണ്ട്. ഝാര്‍ഖണ്ഡ് ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും (എ.ഡി.ആര്‍.) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്.
2024-ലെ ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥിയുടെ ശരാശരി ആസ്തി പ്രകാരം 6.90 കോടിയാണ്. 2019-ലെ തിരഞ്ഞെടുപ്പില്‍ ഇത് 3.87 കോടിയായിരുന്നു.
71 കോടിപതികളായ നിയുക്ത എം.എല്‍.എമാരാണ് നിലവില്‍ ഝാര്‍ഖണ്ഡിലുള്ളത്. ഇതില്‍ 28 എം.എല്‍.എമാര്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍ (ജെ.എം.എം.) നിന്നുള്ളവരാണ്. 20 എം.എല്‍.മാര്‍ ബി.ജെ.പിയില്‍ നിന്നും 14 കോണ്‍ഗ്രസില്‍ നിന്നുമുള്ളവരുമാണ്. നാല് പേര്‍ ആര്‍.ജെ.ഡിയില്‍ നിന്നുള്ളവരാണ്.
2019-ലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഝാര്‍ഖണ്ഡിലെ കോടിപതികളായ എം.എല്‍.എമാരുടെ വര്‍ധനവ് നിലവില്‍ 20 ശതമാനമാണ്. 2019-ലെ തിരഞ്ഞെടുപ്പില്‍ കോടിപതികളായിരുന്ന 56 എം.എല്‍.എമാരാണുണ്ടായിരുന്നത്.
ലോഹര്‍ദഗ മണ്ഡത്തിലെ രാമേശ്വര്‍ ഉറാവാണ് കോടിപതികളില്‍ ഒന്നാം സ്ഥാനത്തുളളത്. 42.20 കോടി രൂപയുടെ ആസ്തിയാണ് രാമേശ്വറിനുള്ളത്. പംഗി മണ്ഡലത്തിലെ കുഷ്വാഹാ ശശിഭൂഷണ്‍ മെഹ്തയാണ് സമ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 32.15 കോടി രൂപയുടെ ആസ്തിയാണ് കുഷ്വാഹയ്ക്കുള്ളത്. 29.59 കോടി രൂപയുടെ ആസ്തിയുമായി മൂന്നാം സ്ഥാനത്തുളളത് ആര്‍.ജെ.ഡിയിലെ സഞ്ജയ് പ്രസാദ് യാദവാണ്.
ഏറ്റവും കുറവ് ആസ്തിയുള്ളത് ഝാര്‍ഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോര്‍ച്ചയുടെ (ജെ.എല്‍.കെ.എം.) ജയറാം കുമാര്‍ മഹാതോയ്ക്കാണ്. 2.55 ലക്ഷം രൂപയുടെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്.
Content Highlights: 89 percent of new mlas in jharkhand are crorepatis