ജമ്മു കശ്മീരില്‍ ഏഴ് നിയമസഭാ സീറ്റുകള്‍ കൂടി; നിര്‍ദേശവുമായി മണ്ഡല പുനര്‍നിര്‍ണയ കമ്മീഷന്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നിലവിലുള്ളതിന് പുറമെ ഏഴ് പുതിയ നിയമസഭാ മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദേശം. ഇതിനായി ചുമതലപ്പെടുത്തിയ മണ്ഡല പുനര്‍നിര്‍ണയ കമ്മിഷന്റേതാണ് ശുപാര്‍ശ. ജമ്മു മേഖലയില്‍ ആറും കശ്മീര്‍ മേഖലയില്‍ ഒരു അധിക സീറ്റിനുമാണ് ശുപാര്‍ശ.
എസ്.ടി വിഭാഗത്തിനായി ഒന്‍പത് സീറ്റുകളും എസ്.സി വിഭാഗത്തിന് ഏഴ് സീറ്റുകളും മാറ്റിവെക്കാനും നിര്‍ദേശമുണ്ട്. ഇതാദ്യമായിട്ടാണ് എസ്.ടി വിഭാഗത്തിനായി സീറ്റുകള്‍ മാറ്റിവെക്കാന്‍ നിര്‍ദേശമുയരുന്നത്.
ഡല്‍ഹിയില്‍ ചേര്‍ന്ന കമ്മിഷന്‍ യോഗത്തില്‍ അസോസിയേറ്റ് അംഗങ്ങളും ജമ്മു കശ്മീരില്‍ നിന്നുള്ള അഞ്ച് ലോക്‌സഭ അംഗങ്ങളും പങ്കെടുത്തു. ഈ മാസം അവസാനത്തോടെ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കാനും കമ്മിഷന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ നിര്‍ദേശത്തോടെ ജമ്മു മേഖലയില്‍ 43 സീറ്റുകളും കശ്മീരില്‍ 47 സീറ്റുകളുമായി ഉയരും. പാക് അധിനിവേശ കശ്മീരിലേക്കായി 24 സീറ്റുകള്‍ ഒഴിച്ചിടും. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയാണ് കമ്മീഷന്‍ തലവന്‍.
Content Highlights: 7 more seats proposed by delimitation commission for jk assembly polls
Content Highlights: