യുപിയിൽ വെള്ളംനിറഞ്ഞ കുഴയിൽവീണ് ആറുവയസ്സുകാരൻ മുങ്ങിമരിച്ചു; അപകടം ക്രിക്കറ്റ് കളിക്കുന്നതിനിടെ

#ന്യൂസ് ഡെസ്ക്
അവ്യാൻ സൂര്യ | ഫോട്ടോ - x.com/khuchrep
അവ്യാൻ സൂര്യ | ഫോട്ടോ - x.com/khuchrep

ലഖ്‌നൗ: നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച വെള്ളം നിറഞ്ഞ കുഴിയിൽവീണ് ആറുവയസ്സുകാരൻ മുങ്ങിമരിച്ചു. ഗ്രേറ്റർ നോയിഡയിൽ ഭവനസമുച്ചയത്തിന്റ നിർമാണം നടക്കുന്ന സ്ഥലത്ത് നിർമിച്ച 15 അടി താഴ്ചയുള്ള കുഴിയിലാണ് അവ്യാൻ സൂര്യ എന്ന കുട്ടി വീണത്. കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കുട്ടി കുഴിയിലേക്ക് വീഴുകയായിരുന്നു. സ്ഥലത്ത് സുരക്ഷാ ബാരിക്കേഡുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.

ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. കുഴിയിൽ മഴവെള്ളം നിറഞ്ഞുകിടക്കുകയായിരുന്നു. പരിസരവാസികൾ കുഴിയിൽ തിരച്ചിൽ നടത്തി, അഞ്ചുമിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

കുട്ടി കളിച്ചുകൊണ്ടിരുന്ന സ്ഥലത്ത് ഇത്ര ആഴത്തിൽ വെള്ളക്കെട്ടുള്ള കുഴിയുണ്ടെന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. കേന്ദ്രീയ വിദ്യാലയത്തിലെ ആർട്ട് അധ്യാപകനായ ശിവൻ യാദവിന്റെ മകനാണ് അവ്യാൻ.