500 രൂപയുടെ വ്യാജനോട്ടുകളില്‍ 312% വര്‍ധന, 2000 രൂപയുടേത് 166% കൂടി; കണക്ക് പുറത്തുവിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയെന്ന് കേന്ദ്രം. പുതിയ 500 രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 312 ശതമാനവും 2000 രൂപ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 166 ശതമാനവും വര്‍ധനയുണ്ടായെന്നാണ് കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ കണക്ക്. ഡി.എം.കെ. എം.പി. ടി.എം. സെല്‍വഗണപതിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, 2024 സാമ്പത്തിക വര്‍ഷത്തില്‍ 500 രൂപയുടെ വ്യാജനോട്ടുകളില്‍ 15% കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. 2022 സാമ്പത്തിക വര്‍ഷം 102% വര്‍ധനയാണ് ഉണ്ടായത്. 500, 2000 രൂപയുടെ വ്യജനോട്ടുകളില്‍ വര്‍ധനയുണ്ടായിട്ടും മൊത്തം വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 30% കുറവാണ് രേഖപ്പെടുത്തിയതെന്നും സര്‍ക്കാര്‍ കണക്ക് വ്യക്തമാക്കുന്നു.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ 500 രൂപയുടെ 21,865 ദശലക്ഷം വ്യാജനോട്ടുകളാണ് കണ്ടെത്തിയത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 91,110 ദശലക്ഷമായി ഉയര്‍ന്നു. 2023-24 വര്‍ഷത്തില്‍ ഇത് 85,711 ദശലക്ഷമായി കുറഞ്ഞു.
2000 രൂപയുടെ വ്യാജനോട്ടുകള്‍ 2018-19-ൽ ഉണ്ടായിരുന്ന 21,847 ദശലക്ഷത്തില്‍നിന്ന് 2023-24 വര്‍ഷത്തില്‍ 26,035 ദശലക്ഷമായി ഉയര്‍ന്നുവെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. 2023 മേയിലെ പ്രഖ്യാപനത്തെത്തുടര്‍ന്ന് സെപ്റ്റംബര്‍ മുതല്‍ 2000 രൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിച്ചിരുന്നു.
Content Highlights: Fake Rs 500 notes increased by 317% from 2018-’19 to 2022-’23, says Centre