മന് കി ബാത്ത് കേള്‍ക്കാനെത്തിയില്ല; വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലിന് പുറത്തുപോകുന്നതിന് വിലക്ക്

ചണ്ഡിഗഢ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന് കി ബാത്ത് പ്രക്ഷേപണം കേള്ക്കാനെത്താതിരുന്ന നഴ്സിങ് സ്ഥാപനത്തിലെ വിദ്യാര്ഥികള്ക്കെതിരേ നടപടി. മന് കി ബാത്തിന്റെ നൂറാം പതിപ്പിന്റെ പ്രക്ഷേപണ പരിപാടിയില്‍ പങ്കെടുക്കാത്ത 36 വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലിന് പുറത്തുപോകുന്നതിന് വിലക്കേര്‍പ്പെടുത്തിയെന്നാണ് പരാതി. ചണ്ഡിഗഢിലെ പി.ജി.ഐ.എം.ഇ.ആറിലെ നഴ്സിങ് വിദ്യാര്‍ഥികള്‍ക്കാണ് നടപടി നേരിടേണ്ടി വന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
മന് കി ബാത്തിന്റെ നൂറാം പതിപ്പിന്റെ പ്രക്ഷേപണം കാമ്പസിലുണ്ടായിരിക്കുമെന്നും മുഴുവന്‍ വിദ്യാര്‍ഥികളും അതില്‍ പങ്കെടുക്കണമെന്നും നഴ്സിങ് വിദ്യാര്‍ഥികളെ രേഖാമൂലം പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. എന്നാല്‍ മൂന്നാംവര്‍ഷ നഴ്സിങ് വിദ്യാര്‍ഥികളായ 28 പേരും ഒന്നാം വര്‍ഷത്തിലെ എട്ടുപേരും പരിപാടിയില്‍ പങ്കെടുത്തില്ല. പങ്കെടുക്കാത്തതിന്റെ കാരണവും ഇവര്‍ ബോധിപ്പിച്ചില്ല. ഇതേത്തുടര്‍ന്ന് ഒരാഴ്ച ഹോസ്റ്റലിനു പുറത്തിറങ്ങരുതെന്ന് ഹോസ്റ്റല്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
പരിപാടിയില്‍ പങ്കെടുക്കാത്തവരെ പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന് നേരത്തേതന്നെ ഹോസ്റ്റല്‍ വാര്ഡന് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ 36 പെണ്‍കുട്ടികളും ഈ വാക്ക് പാലിച്ചില്ല. തുടര്‍ന്ന് മേയ് മൂന്നിനാണ് ഇവര്‍ക്കെതിരേ നടപടിയുണ്ടായത്. ഏപ്രില്‍ 30-നായിരുന്ന മന് കി ബാത്തിന്റെ നൂറാമത് പ്രക്ഷേപണം.
എന്നാല്‍ റേഡിയോ പ്രക്ഷേപണ പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കുകയും കാരണം ബോധിപ്പിക്കാതിരിക്കുകയും ചെയ്ത മറ്റു വിദ്യാര്‍ഥികളും കാമ്പസിലുണ്ടായിരുന്നു. ഇവര്‍ക്കെതിരേ കാമ്പസ് അധികൃതര്‍ ഒരു നടപടിയുമെടുത്തില്ല എന്നാണ് ആക്ഷേപം. നഴ്സിങ് വിദ്യാര്ഥികള്ക്കെതിരേ നടപടിയെടുത്തത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ഞാന്‍ മങ്കി ബാത്ത് (Monkey baat) ഇതുവരെയായി ഒരിക്കല്‍പ്പോലും കേട്ടിട്ടില്ല. ഞാനും ശിക്ഷിക്കപ്പെടുമോ? വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നതില്‍നിന്ന് ഒരാഴ്ച എന്നെ വിലക്കുമോ? മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
Content Highlights: 36 nursing students face action for not listening to 100th episode of pm modi’s mann ki baat