ഡല്‍ഹി അപകടം: ബുള്‍ഡോസര്‍ നടപടിയുമായി അധികൃതര്‍; ചീഫ് ജസ്റ്റിസിന് കത്തെഴുതി വിദ്യാര്‍ഥി

ഡല്‍ഹിയിലെ ഓള്‍ഡ് രജീന്ദര്‍ നഗറിലെ ഓടകള്‍ക്കു മുകളിലുള്ള കൈയ്യേറ്റങ്ങൾ പൊളിച്ചുനീക്കുന്നു | ഫോട്ടോ: എ.എൻ.ഐ
ഡല്‍ഹിയിലെ ഓള്‍ഡ് രജീന്ദര്‍ നഗറിലെ ഓടകള്‍ക്കു മുകളിലുള്ള കൈയ്യേറ്റങ്ങൾ പൊളിച്ചുനീക്കുന്നു | ഫോട്ടോ: എ.എൻ.ഐ

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിലെ ലൈബ്രറിയില്‍ മലിനജലം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവത്തിന് പിന്നാലെ ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ ബുള്‍ഡോസര്‍ നടപടികളുമായി കോര്‍പറേഷന്‍ അധികൃതര്‍. ഓള്‍ഡ് രജീന്ദര്‍ നഗറിലെ, ജലനിര്‍ഗമന മാര്‍ഗങ്ങള്‍ തടസ്സപ്പെടുത്തുന്നതും വെള്ളക്കെട്ടിന് കാരണമാകുന്നതുമായ കൈയ്യേറ്റങ്ങളും നിര്‍മാണങ്ങളുമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.

ഓടകള്‍ക്കു മുകളിലുള്ള കൈയ്യേറ്റങ്ങളാണ് പൊളിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. എന്നാല്‍, അധികൃതര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന ഈ നടപടികള്‍ വെറും പ്രകടനങ്ങള്‍ മാത്രമാണെന്ന് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ആരോപിച്ചു. സംഭവത്തിനെതിരേ കടുത്ത പ്രതിഷേധമാണ് രണ്ടുദിവസമായി വിദ്യാർഥികൾ നടത്തിവരുന്നത്.

മൂന്നുവിദ്യാര്‍ഥികള്‍ മുങ്ങിമരിക്കാനിടയായ അപകടത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. അവിനാഷ് ദുബേ എന്ന വിദ്യാര്‍ഥിയാണ് രാജേന്ദ്ര നഗര്‍, മുഖര്‍ജി നഗര്‍ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന വെള്ളക്കെട്ട് മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടി കത്തയച്ചത്.

മഴപെയ്യുന്നതോടെ ഇവിടത്തെ ഇടുങ്ങിയതും ജനത്തിരക്കേറിയതുമായ റോഡുകള്‍ മലിനജലംകൊണ്ട് നിറയുന്നതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ വെള്ളം പലപ്പോഴും വീടുകളിലും സ്ഥാപനങ്ങളിലും കയറി വലിയ ദുരിതമുണ്ടാക്കുന്നു. ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പറേഷന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വീഴ്ചയാണ് ഇതിന് ഇടയാക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നു.

വിഷയത്തില്‍ വിദ്യാര്‍ഥികള്‍ കടുത്ത പ്രതിഷേധം ഉയർത്തിയതിനു പിന്നാലെ നടപടികളുമായി കോര്‍പഷേന്‍ രംഗത്തെത്തിയിരുന്നു.  ദാരുണസംഭവം നടന്ന റാവൂസ് ഐ.എ.എസ്. സ്റ്റഡി സര്‍ക്കിള്‍ പോലീസ് അടച്ചുപൂട്ടുകയും ഉടമ അഭിഷേക് ഗുപ്തയേയും കോര്‍ഡിനേറ്റര്‍ ദേശ്പാല്‍ സിങ്ങിനേയും അറസ്റ്റുചെയ്യുകയുമുണ്ടായി. തുടർന്ന് അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി ഓള്‍ഡ് രാജേന്ദ്രനഗറിലെ 13 പരീക്ഷാപരിശീലന കേന്ദ്രങ്ങളും അടച്ചുപൂട്ടി.

സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റില്‍ വെള്ളം കയറി എറണാകുളം സ്വദേശി നെവിന്‍ ഡാല്‍വിന്‍ (28) അടക്കം മൂന്ന് വിദ്യാർഥികളാണ് മരിച്ചത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെ.എന്‍.യു.) ഗവേഷക വിദ്യാര്‍ഥിയായിരുന്നു നെവിന്‍. തെലങ്കാന സ്വദേശിനിയായ തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശിനി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന കോച്ചിങ് സെന്‍റർ ലൈബ്രറിയിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.

Content Highlights: 3 Die In Delhi Coaching Centre Basement Tragedy Bulldozer Action