നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ജയിലിൽ കഴിയുന്ന പഞ്ചാബിലെ എഎപി മുൻമന്ത്രി ലൽജിത് സിങ് ഭുള്ളർ

#ന്യൂസ് ഡെസ്ക്ക്
ലൽജിത് സിങ് ഭുള്ളർ | Image Source: facebook.com/laljitbhullar22
ലൽജിത് സിങ് ഭുള്ളർ | Image Source: facebook.com/laljitbhullar22

ചണ്ഡീഗഢ്: 2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ജയിലിൽ കഴിയുന്ന മുൻ മന്ത്രിയും ആം ആദ്മി പാർട്ടി എംഎൽഎയുമായ ലൽജിത് സിങ് ഭുള്ളർ. സംസ്ഥാന വെയർഹൗസിങ് കോർപ്പറേഷൻ ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നേരിടുന്നതിനിടെയാണ് രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഭുള്ളറുടെ പ്രഖ്യാപനം.

പാട്ടി മണ്ഡലത്തിൽനിന്ന് വീണ്ടും മത്സരിക്കണമെന്ന് പ്രദേശത്തെ ജനങ്ങൾ ആഗ്രഹിക്കുന്നതായി അറിയാമെന്നും എന്നാൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചെന്നും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച സന്ദേശത്തിൽ ഭുള്ളർ പറഞ്ഞു. പിന്തുണച്ചവർക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലത്തിൽ പുതിയ ചുമതലക്കാരനെ എഎപി നിയോഗിച്ചതിന് പിന്നാലെയാണ് ഭുള്ളറുടെ പ്രഖ്യാപനം.

ജൂലൈ 28-ന് ഗുസ്തിതാരം ജസ്കൻവാർ സിങ് ഗില്ലിനെയാണ് പാർട്ടി മണ്ഡലം ചുമതലക്കാരനായി നിയമിച്ചത്. പഞ്ചാബ് സ്പോർട്സ് വെൽഫെയർ ബോർഡ് ചെയർമാൻ കൂടിയാണ് ഇദ്ദേഹം.

ഭുള്ളർ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, പുതിയ പ്രഖ്യാപനത്തോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന നിലപാട് ഭുള്ളർ വ്യക്തമാക്കിയിരിക്കുകയാണ്. 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 40 സ്ഥാനാർഥികളുടെ ആദ്യ പട്ടിക എഎപി നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പാട്ടി മണ്ഡലം പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല.

അതേസമയം, ജയിലിൽ കഴിയുന്ന മുൻമന്ത്രി സഞ്ജീവ് അറോറയെ ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാർഥിയായി പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത അറോറ നിലവിൽ ഗുരുഗ്രാമിലെ ഭോണ്ട്സി ജയിലിലാണ്. സ്ഥാനാർഥിത്വം നൽകിയതിലൂടെ അദ്ദേഹത്തെ പിന്തുണയ്ക്കാനാണ് പാർട്ടി തീരുമാനമെന്നാണ് സൂചന.

2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാട്ടി മണ്ഡലത്തിൽനിന്ന് വിജയിച്ച ഭുള്ളർ, ഭഗവന്ത് മൻ മന്ത്രിസഭയിൽ ഗതാഗതം, ജയിൽ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. പഞ്ചാബ് സ്റ്റേറ്റ് വെയർഹൗസിങ് കോർപ്പറേഷൻ ജില്ലാ മാനേജർ ഗഗൻദീപ് സിങ് രൺധാവ മാർച്ചിൽ മരിക്കുന്നതിന് മുൻപ് ചിത്രീകരിച്ച വിഡിയോയിൽ രൺധാവ ഭുള്ളറുടെ പേര് പരാമർശിച്ചിരുന്നതായി ആരോപണമുണ്ട്. മാർച്ച് 23-നാണ് ഭുള്ളറിനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭുള്ളർ, പിതാവ് സുഖ്ദേവ് സിങ് ഭുള്ളർ, പേഴ്സണൽ അസിസ്റ്റന്റ് ദിൽബാഗ് സിങ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Content Highlights: Former Punjab minister and AAP MLA Laljit Singh Bhullar announced he will not contest the 2027 Punjab assembly elections., Bhullar is currently facing trial in connection with the death of a Punjab State Warehousing Corporation official., AAP has appointed Jaskanwar Singh Gill as the new constituency in-charge for Patti., Bhullar dismissed rumors of contesting as an independent candidate.