അഭയകേന്ദ്രത്തിലേക്ക് അയക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെ 14-കാരി കോടതിയില്‍ ആത്മഹത്യാശ്രമം നടത്തി

മദ്രാസ് ഹൈക്കോടതി |ഫോട്ടോ:മാതൃഭൂമി
മദ്രാസ് ഹൈക്കോടതി |ഫോട്ടോ:മാതൃഭൂമി

ചെന്നൈ: സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് അയക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ 14-കാരി കോടതിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതര പരിക്കുകളോടെ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. 

പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് പെണ്‍കുട്ടി കോടതിയില്‍ എത്തിയത്. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നീലാങ്കരൈ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് പിതാവ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചു.

ജസ്റ്റിസുമാരായ എം.എസ്.രമേശ്, ലക്ഷ്മിനാരായണന്‍ എന്നിവരുടെ ബെഞ്ചിന് മുമ്പാകെയാണ് പെണ്‍കുട്ടി ഹാജരായത്. 

ഹര്‍ജിയില്‍ വാദങ്ങള്‍ക്കും നടപടികള്‍ക്കും ശേഷം സര്‍ക്കാര്‍ ഭവനത്തിലേക്ക് അയക്കണമെന്ന് ബെഞ്ച് ഉത്തരവിട്ടത്തിന് പിന്നാലെ  കോടതിയുടെ ഒന്നാം നിലയില്‍ നിന്ന്് പെണ്‍കുട്ടി താഴേക്ക് ചാടി. കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സില്‍ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ പെണ്‍കുട്ടി മുത്തശ്ശിയുടെ വീട്ടില്‍ പോയി താമസിക്കുകയായിരുന്നുവെന്നാണ് കോടതിക്ക് വിവരം ലഭിച്ചു. കോടതി പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയിരുന്നു. കുട്ടിക്ക് ഒരു സൈക്യാട്രിസ്റ്റിന്റെ വിദഗ്ദ്ധമായ കൗണ്‍സിലിംഗ് ആവശ്യമായി വന്നേക്കാമെന്ന് സ്‌പെഷ്യല്‍ കൗണ്‍സിലര്‍ ബെഞ്ചിനെ അറിയിക്കുകയും ചെയ്തു.

ബെഞ്ച് കുട്ടിയുമായി സംസാരിച്ചപ്പോള്‍, ആന്‍ഡമാനില്‍ അമ്മയോടൊപ്പം താമസിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് അവള്‍ ബെഞ്ചിനെ അറിയിച്ചു. അച്ഛനും അമ്മയും വിവാഹമോചിതരാണെന്നും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും കോടതിയെ അറിയിച്ചിരുന്നു. പ്രത്യേക കൗണ്‍സിലറുടെ രഹസ്യ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ആന്‍ഡമാനില്‍ സുരക്ഷിതമായി താമസിക്കാന്‍ അനുകൂലമായ സാഹചര്യമായിരിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍, പെണ്‍കുട്ടിക്ക് അച്ഛനൊപ്പം പോകാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍, അവളെ ഒരു സുരക്ഷാ ഭവനത്തില്‍ (സേഫ്റ്റി ഹോം) പാര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയത്.

Content Highlights: 14-year-old girl attempted suicide inside the Madras hc after being ordered to a children home