നേതൃമാറ്റം ആവശ്യപ്പെട്ട് നൂറോളം നേതാക്കള്‍ സോണിയക്ക് കത്തെഴുതി- സഞ്ജയ് ഝാ

Photo: NDTV
Photo: NDTV

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃമാറ്റമാവശ്യപ്പെട്ടുകൊണ്ട് എംപിമാരുള്‍പ്പടെ നൂറോളം കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയതായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സഞ്ജയ് ഝാ. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് സഞ്ജയ് നടത്തിയ പരസ്യ പ്രസ്താവനകളുടെ പേരിലാണ് കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയത്. 

'പാര്‍ട്ടിയ്ക്കുളളിലെ കാര്യങ്ങളില്‍ ദുഃഖിതരായ കോണ്‍ഗ്രസിലെ എംപിമാർ ഉള്‍പ്പടെയുളള നൂറോളം നേതാക്കള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു. രാഷ്ട്രീയ നേതൃത്വത്തില്‍ ഒരു മാറ്റം ആവശ്യപ്പെട്ടും  കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ സുതാര്യത പുലര്‍ത്തണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്.'സഞ്ജയ് ഝാ ട്വീറ്റ് ചെയ്തു. 

എന്നാല്‍ കത്തുമായി ബന്ധപ്പെട്ട കാര്യം പാര്‍ട്ടിയോ മറ്റുനേതാക്കളോ സ്ഥിരീകരിച്ചിട്ടില്ല. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിലേക്ക് മടങ്ങിയ പശ്ചാത്തലത്തിലാണ് ഇക്കാര്യം ഉന്നയിച്ച് സഞ്ജയ് ഝാ മുന്നോട്ടുവന്നിരിക്കുന്നത്.

തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞതോടെയാണ് ഇടക്കാല പ്രസിഡന്റായി സോണിയാ ഗാന്ധി ചുമതലയേല്‍ക്കുന്നത്. ഓഗസ്റ്റ് പത്തിന് സോണിയയുടെ ഒരു വര്‍ഷ കാലാവധി പൂര്‍ത്തിയായിരുന്നു. അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കും വരെ സോണിയ ഈ പദവിയില്‍ തുടരുമെന്നാണ് പാര്‍ട്ടി വക്താവായ അഭിഷേക് മനു സിങ് വി അറിയിച്ചത്.

Content Highlights: 100 Congress leaders have written a letter to Mrs Sonia Gandhi asking for change in political leadership 

Content Highlights: