രാജ്യത്ത് അനുമതിയില്ലാത്ത വാക്സിൻ ഫ്രഞ്ച് എംബസിക്ക്; കേന്ദ്രം വിശദീകരിക്കണമെന്ന് മഹാരാഷ്ട്ര മന്ത്രി

നവാബ് മാലിക് | Photo: ANI
നവാബ് മാലിക് | Photo: ANI

മുംബൈ: ഇന്ത്യയിലെ ഫ്രഞ്ച് എംബസി മോഡേണ കോവിഡ് വാക്‌സിന്‍ വാങ്ങി നവി മുംബൈയിലെ അവരുടെ പൗരന്മാര്‍ക്കും ബന്ധുക്കൾക്കും നല്‍കുന്നുവെന്ന ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ഇന്ത്യയിൽ അനുമതിയില്ലാത്ത വാക്സിൻ ഇവിടെയുള്ള ഫ്രഞ്ച് പൗരന്മാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും എങ്ങനെ നല്‍കാനാകുമെന്ന് നവാബ് മാലിക് കേന്ദ്ര സര്‍ക്കാരിനേട് ചോദിച്ചു. 

ഫ്രഞ്ച് എംബസിക്ക് കഴിയുമെങ്കില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കായി വാക്‌സിന്‍ വാങ്ങാന്‍ കേന്ദ്രത്തിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് എന്‍സിപിയുടെ ദേശീയ വക്താവ് കൂടിയായ മാലിക് ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരും ആരോഗ്യമന്ത്രിയും വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

" കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് എന്നിവയാണ് സര്‍ക്കാര്‍ ഇന്ത്യയില്‍ അനുമതി നല്‍കിയിരിക്കുന്ന മൂന്ന് വാക്‌സിനുകള്‍. എനിക്ക് ലഭിച്ച വിവരമനുസരിച്ച്, ഇന്ത്യയിലെ ഫ്രഞ്ച് എംബസി മോഡേണ വാക്‌സിന്‍ വാങ്ങുകയും മുംബൈ അപ്പോളോ ആശുപത്രിയുടെ സഹായത്തോടെ നവി മുംബൈയിലെ അവരുടെ പൗരന്മാര്‍ക്കും ബന്ധുക്കള്‍ക്കും നല്‍കുകയും ചെയ്തു." - നവാബ് മാലിക് ട്വീറ്റ് ചെയ്തു.  

അനുവദനീയമല്ലാത്ത വാക്‌സിന്‍ എങ്ങനെ നല്‍കി എന്നതാണ് ഉയര്‍ന്നുവരുന്ന ചോദ്യമെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് അത് ലഭിക്കുമെങ്കില്‍ എന്തുകൊണ്ടാണ് ഇന്ത്യന്‍ സര്‍ക്കാരിന് നമ്മുടെ പൗരന്മാര്‍ക്ക് വേണ്ടി ഇത് വാങ്ങാന്‍ സാധിക്കാത്തത്. സര്‍ക്കാരും ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും മാലിക് ആവശ്യപ്പെട്ടു.

Content Highlights: "French Embassy Procured Moderna Vaccine. How?" Maharashtra Minister Nawab Malik 

Content Highlights: