പശ്ചിമേഷ്യൻ സംഘർഷം; കുവൈത്ത് വിദേശകാര്യമന്ത്രിയുമായി കൂടികാഴ്ച നടത്തി യുഎഇ പ്രസിഡന്റ്

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാ ജാബർ അൽ അഹ്മദ് അൽ സബഹുമായി കൂടികാഴ്ച നടത്തി. കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബഹിന്റെ ആശംസകൾ ശൈഖ് ജറാ ജാബർ യുഎഇ പ്രസിഡന്റിന് കൈമാറി.
കുവൈത്ത് അമീറിനെ തന്റെ ആശംസകൾ അറിയിക്കാനും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുവൈത്തിനും അവിടുത്തെ ജനങ്ങൾക്കും കൂടുതൽ വളർച്ചയും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും യുഎഇ പ്രസിഡന്റ് പറഞ്ഞു. യുഎഇയും കുവൈത്തും തമ്മിലുള്ള സാഹോദര്യ ബന്ധത്തെക്കുറിച്ചും സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. യുഎഇ, കുവൈത്ത്, മേഖലയിലെ മറ്റ് രാജ്യങ്ങൾ എന്നിവയ്‌ക്കെതിരായ തുടർച്ചയായ ഇറാൻ ആക്രമണങ്ങളും ചർച്ചയായി.
മേഖലയിലെ സംഭവവികാസങ്ങളും പ്രാദേശിക, അന്താരാഷ്ട്ര സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അവ ചെലുത്തുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും യോഗം ചർച്ച ചെയ്തു. തങ്ങളുടെ സുരക്ഷ, പരമാധികാരം എന്നിവ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ചർച്ചയായി. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്‌സിന്റെ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൺ അൽ നഹ്യാൻ, നിരവധി മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Content Highlights: UAE President holds talks with Kuwaiti FM on regional security, stability, and bilateral cooperation.