കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ 'സൂപ്പര്‍ കപ്പ് 2022' സംഘടിപ്പിക്കുന്നു

കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍
കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

മനാമ: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ബഹ്‌റൈന്‍ (കെ.എഫ്.എ.) കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ''സൂപ്പര്‍ കപ്പ് 2022'' എന്ന പേരില്‍ മെഗാ ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 2022 മെയ് 19, 20, 26, 27 ജൂണ്‍ 2, 3, 9, 10 എന്നീ തീയതികളില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി ഹൂറയില്‍ ഗോസി കോംപ്ലക്‌സ് നു പിന്‍വശമുള്ള ഗ്രൗണ്ടിലാണ് ടൂര്‍ണമെന്റ് നടത്തുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രൊഫഷണല്‍ 8 ടീമും, സെമി പ്രൊഫഷണല്‍ 16 ടീമും, അമേച്ചര്‍ 32 ടീമും പങ്കെടുക്കും. ബഹ്‌റൈന്‍ മലയാളി പ്രവാസികള്‍ക്കിടയില്‍ കായിക വ്യായാമത്തെ പ്രോത്സാഹിപ്പിക്കുന്നതിന് രൂപീകൃതമായ സംഘടനയാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ബഹ്‌റൈന്‍. 2019 ല്‍ ഇരുപതോളം ക്ലബ്ബുകളുമായി തുടക്കമിട്ട പ്രസ്ഥാനം ഇന്ന് 54 ക്ലബ്ബുകളും 1200 ഓളം കളിക്കാരുമായി വളര്‍ന്നു. കഴിഞ്ഞ ചുരുങ്ങിയ കാലഘട്ടത്തില്‍ തന്നെ ഏകദേശം 23 ഓളം ചെറുതും വലുതുമായ ടൂര്‍ണമെന്റ് നടത്തിയിട്ടുണ്ട്. 

ബഹ്റൈന്‍ പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കത്തിനു സാക്ഷിയാവാനും പ്രവാസി മലയാളികള്‍ക്കിടയില്‍ കായിക വ്യായാമത്തെ പ്രോത്സാഹിപ്പിക്കുന്നതിനും മുഴുവന്‍ പ്രവാസികളോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു. കെ.എഫ്.എ പ്രസിഡന്റ് ഉബൈദ് പൂമംഗലം, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് റഫീഖ്, ജനറല്‍ സെക്രട്ടറി കൃഷ്ണദാസ്, ട്രഷറര്‍ തസ്ലീം തെന്നാടന്‍, ജോ.സെക്രട്ടറിമാരായ, അബ്ദുള്‍ ജലീല്‍, അരുണ്‍ ശരത്, മെംബര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍മാര്‍ സജ്ജാദ് സുലൈമാന്‍, സവാദ് തലപ്പച്ചേരി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: Super cup 2022, Kerala Football Association