ഗള്‍ഫ് പ്രവാസം കേരളത്തിന്റെ നാലുവരിപ്പാത: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സംസാരിക്കുന്നു
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സംസാരിക്കുന്നു

റിയാദ് : കേരള നവോഥാനത്തിന്റെ നാലുവരിപ്പാതകളിലൊന്ന് മലയാളിയുടെ ഗള്‍ഫ് പ്രവാസമാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. റിയാദ് ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ സന്ദര്‍ശനത്തിനെത്തിയ പൊയ്ത്തുംകടവിന് ചില്ല ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ ചടങ്ങിലാണ് 'കേരളം, നവോഥാനം, സാഹിത്യം' എന്ന വിഷയത്തില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് കേരളീയതയുടെ പ്രവാസപരിപ്രേക്ഷ്യം അവതരിപ്പിച്ചത്.  ദേശീയപ്രസ്ഥാനം, സാമൂഹ്യപരിഷ്‌കരണം, കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്നിവ വരുത്തിയ ദൂരവ്യാപകമായ സ്വാധീനത്തിന് ശേഷം ഗള്‍ഫ് പ്രവാസമാണ് കേരളത്തെ പുതുക്കിപ്പണിതതെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയവും സാമൂഹികവുമായ മുന്നേറ്റം നടന്ന സമൂഹത്തില്‍ ഗള്‍ഫ് പ്രവാസികള്‍ നടത്തിയ സാമ്പത്തിക ഇടപെടല്‍ കേരളത്തെ ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, വാണിജ്യം മുതലായ രംഗങ്ങളിലുണ്ടായ വികാസം നമ്മുടെ സാമൂഹിക ചട്ടക്കൂടിനെ കൂടി മാറ്റിമറിച്ചു. എന്നാല്‍ മലയാളിയുടെ പൊതുബോധം ഗള്‍ഫ് പ്രവാസത്തിന്റെ പ്രസക്തിയും പ്രാധാന്യവും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും ്അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കൊമ്പന്‍ മൂസ സ്വാഗതം പറഞ്ഞു. ചില്ല കോഡിനേറ്റര്‍ സുരേഷ് ലാല്‍ മോഡറേറ്ററായിരുന്നു. പ്രഭാഷണത്തിനു ശേഷം നടന്ന സംവാദത്തില്‍ വിപിന്‍ കുമാര്‍, ബീന, ടി ആര്‍ സുബ്രഹ്‌മണ്യന്‍, മനോഹരന്‍ നെല്ലിക്കല്‍, പ്രദീപ് ആറ്റിങ്ങല്‍, റസൂല്‍ സലാം, ഷഹീബ വി.കെ, പ്രഭാകരന്‍ കണ്ടോന്താര്‍, നാസര്‍ കാരക്കുന്ന്, നാസര്‍ മാസ്റ്റര്‍, ശമീം തളപ്പുറത്ത്, ജോഷി പെരിഞ്ഞനം, ഷറഫുദ്ദീന്‍  എന്നിവര്‍ ഇടപെട്ടു സംസാരിച്ചു. എം ഫൈസല്‍ സംവാദം ഉപസംഹരിച്ചു.
 

Content Highlights: shihabudheen poythumkadavu