സമദാനിയുടെ പ്രഭാഷണം 21-ന് ദുബായിൽ

റിസോഴ്‌സ് ആന്റ് ഇന്റലക്ട് ലേണിങ് ഇനീഷ്യറ്റീവ് പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍
റിസോഴ്‌സ് ആന്റ് ഇന്റലക്ട് ലേണിങ് ഇനീഷ്യറ്റീവ് പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബായ്: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച '2026 കുടുംബ വർഷം' എന്ന ആശയത്തെ അടിസ്ഥാനമാക്കി ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പിയുടെ പ്രഭാഷണം 21-ന് ദുബായ് അൽ ബറാഹയിലെ വിമൻസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. രാത്രി എട്ടരക്ക് 'കുടുംബം: മാനവത്വത്തിന്റെ അടിസ്ഥാനം' എന്ന വിഷയത്തിൽ സമദാനി സദസിനോട് സംവദിക്കുമെന്ന് സാംസ്‌കാരിക കൂട്ടായ്മയായ റിസോഴ്‌സ് ആന്റ് ഇന്റലക്ട് ലേണിങ് ഇനീഷ്യറ്റീവ് പ്രവർത്തകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പരിപാടിക്കായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും ആയിരങ്ങൾക്ക് കുടുംബസമേതം പ്രഭാഷണം കേൾക്കാനുള്ള സൗകര്യമുണ്ടെന്നും സംഘാടക സമിതി ചെയർമാൻ സി.പി. അബ്ദുസമദ് (ബാബു എടക്കുളം), ജനറൽ കൺവീനർ അബ്ദുസലാം പരി, ആക്ടിങ് ചെയർമാൻ ഷഫീർ ചങ്ങരംകുളം, മീഡിയ ചെയർമാൻ ഇസ്മായിൽ ഏറാമല എന്നിവർ അറിയിച്ചു.

സ്ത്രീകൾക്കായി പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. അബൂബക്കർ സിദ്ധീഖ് മെട്രോ സ്റ്റേഷനിൽനിന്ന് ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കെഎംസിസി ഉൾപ്പെടെയുള്ള വിവിധ സംഘടനാ നേതാക്കളും പ്രവർത്തകരും അറബ് വ്യക്തിത്വങ്ങളും വ്യവസായ- വാണിജ്യ രംഗത്തെ പ്രമുഖരും സാംസ്‌കാരിക പ്രവർത്തകരും അതിഥികളായെത്തും. ഫോൺ 0555322566.

Content Highlights: Dr. M. P. Abdussamad Samadani to Deliver Keynote on Family in Dubai on the 21st