ജോമോന്റെ നിര്യാണത്തില്‍ കെഎംഎഫ് ബഹ്റൈന്‍ അനുശോചിച്ചു

മനാമ: ബഹ്റൈനിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോമോന്‍ കുരിശിങ്കലിന്റെ നിര്യാണത്തില്‍ കേരള മീഡിയാ ഫോറം (കെഎംഎഫ്) അനുശോചിച്ചു. ജോമോന്റെ അകാല വിയോഗത്തോടെ ബഹ്റൈനിലെ മലയാള മാധ്യമ മേഖലക്ക് പ്രതിഭാ ശാലിയായ ഒരു മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വാര്‍ത്തകളോട് എന്നും സത്യസന്ധത പുലര്‍ത്തിയ ജേര്‍ണലിസ്റ്റായിരുന്നു ജോമോന്‍. മാധ്യമ മേഖലയില്‍ വരുന്ന എല്ലാ സാങ്കേതിക, ബൗദ്ധിക വളര്‍ച്ചകളെയും ഉള്‍ക്കൊള്ളാനും അതിനൊത്ത് വളരാനുമായി ജോമോന്‍ കഠിന പ്രയത്നം നടത്തി. മികച്ച ക്യാമറാമാന്‍, ഫോട്ടോഗ്രാഫര്‍, വീഡിയോ എഡിറ്റര്‍ എന്നിങ്ങനെ ജോമോന് വിശേഷണങ്ങള്‍ നിരവധി.  

ജോമോന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും ഓര്‍മ്മകള്‍ക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും അനുശോചനക്കുറിപ്പില്‍ അറിയിച്ചു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ജോമോന്റെ നിരാലംബരായ കുടുംബത്തെ സഹായിക്കാന്‍ മുന്നോട്ട് വന്ന ബഹ്റൈനിലെ മലയാളി പ്രവാസി സമൂഹത്തെ അഭിവാദ്യം ചെയ്യുന്നതായും കെഎംഎഫ് അറിയിച്ചു.

Content Highlights: