സഫാമക്ക-ഇന്റര്‍ കേളി അഞ്ചാമത് സെവന്‍സ് ഫുട്‌ബോള്‍; അല്‍ഖര്‍ജ് ചാമ്പ്യന്‍മാര്‍

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ പത്തൊന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി സഫാമക്ക ട്രോഫികള്‍ക്ക് വേണ്ടിയുള്ള അഞ്ചാമത് ഇന്റര്‍കേളി ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സുലൈ ഷിഫ അല്‍ ജസീറ സ്റ്റേഡിയത്തില്‍ നടന്നു. ടൂര്‍ണമെന്റിന് മുന്നോടിയായി വിവിധ ഏരിയകളില്‍ നിന്നുമുള്ള ഒന്‍പത് ടീമുകളുടെ മാര്‍ച്ച് പാസ്റ്റില്‍ കേളി ആക്ടിങ് സെക്രട്ടറി സുധാകരന്‍ കല്യാശേരി സല്യൂട്ട് സ്വീകരിച്ചു.
സ്പോട്സ് കമ്മിറ്റി ചെയര്‍മാന്‍ സരസന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഷറഫുദ്ദീന്‍ സ്വാഗതവും റിഫ (റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസ്സോസിയേഷന്‍) സെക്രട്ടറി സൈഫുദ്ദീന്‍ ഉത്ഘാടനവും നിര്‍വ്വഹിച്ചു.
പരിപാടിയില്‍ കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സജീവന്‍ ചൊവ്വ, ഗോപിനാഥന്‍ വേങ്ങര, സെക്രട്ടറിയേറ്റ് അംഗങ്ങളായ സുരേഷ് കണ്ണപുരം, സുരേന്ദ്രന്‍ കൂട്ടായി, ഡബിള്‍ ഹോര്‍സ് മാര്‍ക്കറ്റിങ് മാനേജര്‍ നിജില്‍ തോമസ് എന്നിവര്‍ സംസാരിച്ചു. കേളിദിന സംഘാടക സമിതി വൈസ് ചെയര്‍മാന്‍ രാജേഷ് ചാലിയാര്‍ നന്ദി പറഞ്ഞു. കേളി ജോയിന്റ് ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍ മത്സരങ്ങള്‍ കിക്ക് ഓഫ് ചെയ്തു. ഹസ്സന്‍ തരൂരിന്റെ നേതൃത്വത്തില്‍ റഫീഖ്, ഷബീര്‍, വിപിന്‍ ജോണ്‍, സുഭാഷ്, ത്വയീബ്, സുഹൈല്‍, രാജേഷ് ചാലിയാര്‍, സുല്‍ഫിക്കര്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
ആദ്യ സെമിയില്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് ഉമ്മുല്‍ ഹമാം, അല്‍ അര്‍ക്കാന്‍ മലാസിനേയും രണ്ടാം സെമിയില്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് അല്‍ ഖര്‍ജ്, സനയ്യ അര്‍ബൈന്‍നെയും പരാജയപ്പെടുത്തി. ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച ഫൈനല്‍ മത്സരത്തില്‍, അല്‍ ഖര്‍ജ് ടീം പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ ഉമ്മുല്‍ ഹമാം ടീമിനെ പരാജയപ്പെടുത്തി ഇന്റര്‍ കേളി സഫാമക്ക കപ്പ് വിജയികളായി. വിജയികള്‍ക്കുള്ള സഫാമക്ക ട്രോഫികള്‍ കേളിദിനത്തിന്റെ സാംസ്‌കാരിക സമ്മേളനത്തില്‍ കൈമാറും.
Content Highlights: