ഏഷ്യന്‍ അറബിക് ഡിബേറ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കിരീടം: താരമായി മലയാളി വിദ്യാര്‍ഥികള്‍

മസ്‌കറ്റ്: ഖത്തര്‍ ഡിബേറ്റിന് കീഴില്‍ ഒമാനില്‍ നടന്ന മൂന്നാമത് ഏഷ്യന്‍ അറബിക് ഡിബേറ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം ജേതാക്കളായി. ഇന്‍ഡൊനീഷ്യയിലെ ചെണ്ടേക്യ മുസ്ലിം യൂണിവേഴ്‌സിറ്റിയെ മറികടന്നാണ് ഇന്ത്യയുടെ ചരിത്രനേട്ടം. കേരളത്തിലെ ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാല ടീം ആണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത്. അറബി മാതൃഭാഷ അല്ലാത്ത രാജ്യങ്ങളുടെ വിഭാഗത്തിലാണ് ഇന്ത്യന്‍ ടീമിന്റെ വിജയം. പാകിസ്താനിലെ ബിനൊരിയ യൂണിവേഴ്‌സിറ്റിയെ സെമി ഫൈനലില്‍ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം ഫൈനലില്‍ പ്രവേശിച്ചത്.
ലെബനാന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റി, ഖത്തറിലെ ലുസൈല്‍ യൂണിവേഴ്‌സിറ്റി, തായ്ലന്‍ഡ്, ഒമാന്‍, മലേഷ്യ തുടങ്ങിയ ടീമുകളെ മറികടന്നായിരുന്നു ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ പ്രവേശിച്ചത്. ടീമംഗങ്ങളായ ഫഹ്‌മീദ് ഖാനും മുഹമ്മദ് ശകീബും ബെസ്റ്റ് ഡിബേറ്റേഴ്‌സായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പതിനെട്ട് രാജ്യങ്ങളില്‍നിന്ന് നാല്‍പ്പതോളം ടീമുകള്‍ പങ്കെടുത്ത ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ദാറുല്‍ഹുദായുടെ രണ്ട് ടീമുകളാണ് പങ്കെടുത്തത്. ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥികളായ ഫഹ്‌മിദ് ഖാന്‍ അഞ്ചച്ചവിടി, മുഹമ്മദ് ശക്കീബ് ചോലേമ്പ്ര, അബ്ദുല്‍ മുഹൈമിന്‍ വെള്ളില, മുഹമ്മദ് കണ്ണാടിപ്പറമ്പ് എന്നിവരാണ് ദാറുല്‍ഹുദായെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത്. ദാറുല്‍ഹുദായുടെ തന്നെ സഹസ്ഥാപനമായ സബീലുല്‍ ഹിദായ അറബിക് കോളേജിനെ പ്രതിനിധാനം ചെയ്ത് ഡിഗ്രി വിദ്യാര്‍ഥികളായ രിഫാഅത്, മുദ്ദസിര്‍ സിനാന്‍, തന്‍സീഹ്, ലബീബ് എന്നിവരും പങ്കെടുത്തു.
Content Highlights: India Triumphs at Asian Arabic Debate Championship in Oman