ദുബായിലെ തൊഴിലിടങ്ങളിൽ സ്നേഹാന്വേഷണങ്ങളുമായി ഉന്നത ഉദ്യോഗസ്ഥർ

ദുബായ്: ആകാശചുംബികളായ കെട്ടിടങ്ങൾക്കും കണ്ണഞ്ചിപ്പിക്കുന്ന വികസനത്തിനും പിന്നിൽ രാപ്പകലെന്നില്ലാതെ വിയർപ്പൊഴുക്കുന്ന ഒരുപറ്റം മനുഷ്യരുണ്ട്. ദുബായ് എന്ന മഹാനഗരം പടുത്തുയർത്തുന്ന ആ അധ്വാനത്തിന് അർഹമായ വില നൽകാനും അവരുടെ സുഖവിവരങ്ങൾ നേരിട്ടറിയാനും ഉന്നത ഉദ്യോഗസ്ഥർ തൊഴിലിടങ്ങളിലേക്ക് നേരിട്ടെത്തിയപ്പോൾ അതൊരു ഹൃദ്യമായ കാഴ്ചയായി.
ജി.ഡി.ആർ.എഫ്.എ ദുബായ് അസിസ്റ്റന്റ് ഡയറക്ടറും പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് (PCLA) ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറും കേണൽ ഒമർ മതർ അൽ മെസീനയും അടങ്ങുന്ന ഉന്നത സംഘമാണ് ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിലെ നിർമ്മാണ മേഖലയിൽ തൊഴിലാളികളെ തേടിയെത്തിയത്. വെറുമൊരു ഔദ്യോഗിക പരിശോധനയായിരുന്നില്ല അത്; സ്വന്തം സഹോദരങ്ങളുടെ സുഖവിവരങ്ങൾ അന്വേഷിച്ചെത്തുന്ന കരുതലിന്റെ സന്ദർശനമായിരുന്നു.
വെയിലത്ത് പണിയെടുക്കുന്നവർക്ക് കുടിക്കാൻ മതിയായ ശുദ്ധജലമുണ്ടോ? അവർക്ക് വിശ്രമിക്കാൻ തണലുണ്ടോ? അവരുടെ ആരോഗ്യവും സുരക്ഷയും അന്താരാഷ്ട്ര നിലവാരത്തിൽ തന്നെ ഉറപ്പാക്കിയിട്ടുണ്ടോ? ഉദ്യോഗസ്ഥർ ഓരോന്നും സൂക്ഷ്മമായി വിലയിരുത്തി. തൊഴിലാളികൾക്കിടയിലേക്ക് നടന്നിറങ്ങിയ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ, അവരുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. സ്വന്തം നാടും വീടും വിട്ട് മണലാരണ്യത്തിൽ വിയർപ്പൊഴുക്കുന്ന ആ മനുഷ്യർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും യാതൊരു വീഴ്ചയുമില്ലാതെ നൽകണമെന്ന് അദ്ദേഹം തൊഴിലുടമകൾക്ക് നിർദ്ദേശവും നൽകി.
മനുഷ്യരാണ് നമ്മുടെ മുൻഗണന. തൊഴിലാളികളുടെ ആവശ്യങ്ങൾ നേരിട്ട് മനസ്സിലാക്കി, അവരുടെ ജീവിത നിലവാരം ഉയർത്തുന്ന നടപടികൾ കൈക്കൊള്ളുകയാണ് ഇത്തരം സന്ദർശനങ്ങളുടെ ലക്ഷ്യം,” മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ വ്യക്തമാക്കി. തൊഴിലാളികളുമായി നേരിട്ടുള്ള ഇടപെടലുകൾ അവരുടെ വെല്ലുവിളികൾ തിരിച്ചറിയാനും ദീർഘകാല പരിഹാരങ്ങൾ വികസിപ്പിക്കാനും സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായുടെ വികസനത്തിൽ പങ്കാളികളാകുന്ന ഈ തൊഴിലാളികളെ വെറും ജോലിക്കാരായോ യന്ത്രങ്ങളായോ അല്ല ഈ രാജ്യം കാണുന്നത്. അതുകൊണ്ടുതന്നെയാണ് അവരുടെ വിരസതയകറ്റാൻ എല്ലാ വർഷവും പുതുവത്സര-ഈദ് ആഘോഷങ്ങളും കലാ-കായിക മത്സരങ്ങളും ദുബായ് ഒരുക്കുന്നത്. നറുക്കെടുപ്പിലൂടെ കോടിക്കണക്കിന് രൂപ സമ്മാനമായി നൽകി ഈ പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തിൽ അപ്രതീക്ഷിത സന്തോഷങ്ങൾ നിറയ്ക്കാനും ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കുന്നു
തൊഴിലാളികൾ നമ്മുടെ വികസന പങ്കാളികളാണ്. അവരുടെ സുരക്ഷയും സന്തോഷവുമാണ് ഈ നഗരത്തിന്റെ വിജയത്തിന്റെ യഥാർത്ഥ അളവുകോൽ." ഉദ്യോഗസ്ഥരുടെ ഈ വാക്കുകളിൽ ദുബായ് എന്ന നഗരത്തിന്റെ വലിയ മനസ്സ് വെളിപ്പെടുന്നു.
തൊഴിൽ നിയമങ്ങൾ കടലാസിൽ മാത്രം പോരാ, അത് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്നും ഓരോ തൊഴിലാളിക്കും തന്റെ അവകാശങ്ങളെക്കുറിച്ച് ബോധ്യമുണ്ടെന്നും ഉറപ്പാക്കുകയാണ് ദുബായ്. ഭരണകൂടം എന്നതിലുപരി, വിയർപ്പൊഴുക്കുന്ന ഓരോ മനുഷ്യനെയും ചേർത്തുപിടിക്കുന്ന, അവരുടെ അന്തസ്സും ജീവനും കാവലായി നിൽക്കുന്ന ദുബായിയുടെ ഈ കരുതൽ ലോകത്തിന് തന്നെ ഒരു മികച്ച മാതൃകയാണ്. തൊഴിലിടങ്ങളിലേക്കുള്ള ഇത്തരം സ്നേഹയാത്രകൾ ഇനിയും തുടരുമെന്ന് അധികൃതർ വ്യക്തമാക്കുമ്പോൾ, അത് ആയിരക്കണക്കിന് തൊഴിലാളികളുടെ മനസ്സിലാണ് കുളിർമഴയായി പെയ്യുന്നത്.
Content Highlights: Dubai officials, including PCLA leaders, visited construction sites to inspect worker welfare and safety standards.