അബുദാബി-കണ്ണൂർ ഇൻഡിഗോ വിമാനം വൈകുന്നു: മൂന്ന് മണിക്കൂറിലധികം വൈകി പുറപ്പെടും, യാത്രക്കാർ ദുരിതത്തിൽ

#ന്യൂസ് ഡെസ്ക്ക്
പ്രതീകാത്മക ചിത്രം | photo:PTI
പ്രതീകാത്മക ചിത്രം | photo:PTI

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ എ-യിൽനിന്ന് ഇന്ന് (ശനി) ഉച്ചയ്ക്ക് കണ്ണൂരിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനം (6E 1434) അനിശ്ചിതമായി വൈകുന്നു. സാങ്കേതിക തകരാർമൂലം കണ്ണൂരിൽനിന്നുള്ള വിമാനം അബുദാബിയിലേക്ക് തിരിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഉച്ചയ്ക്ക് 1.20-നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. പുതുക്കിയ സമയപ്രകാരം വൈകീട്ട് 5.10-ഓടെ പുറപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏകദേശം 3 മണിക്കൂർ 50 മിനിറ്റോളം വൈകും. കണ്ണൂരിൽ രാത്രി 10.10-നാണ് എത്തുക. വിമാനം വൈകുന്നതിനെക്കുറിച്ച് ഔദ്യോഗികമായി ഒരറിയിപ്പും ഇൻഡിഗോ അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. വെബ്‌സൈറ്റിലെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് വഴിയാണ് വിവരമറിഞ്ഞത്.

വിമാനത്താവളത്തിലെത്തിയശേഷമാണ് സർവീസ് മൂന്ന് മണിക്കൂറിലധികം വൈകുമെന്ന വിവരം പലരും തിരിച്ചറിഞ്ഞത്. കുട്ടികളും വയോധികരും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് നിലവിൽ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. പകരമുള്ള സംവിധാനങ്ങളെക്കുറിച്ചോ കൃത്യമായ കാരണത്തെക്കുറിച്ചോ വ്യക്തമായ മറുപടി നൽകാത്തതിൽ യാത്രക്കാർക്കിടയിൽ വലിയ പ്രതിഷേധമുണ്ട്.

Content Highlights: Abu Dhabi to Kannur Indigo Flight Faces Unforeseen Technical Issues