37 വർഷത്തിനിടെ സാദിഖ് മാഷും ജമീല ടീച്ചറും പിരിഞ്ഞിരുന്നത് ഏഴ് ദിവസം മാത്രം...

-
-

നന്മണ്ട: ദൈവത്തിന്റെ വികൃതികൾ എന്ന സിനിമയിൽ വി. മധുസൂദനൻ നായർ ആലപിച്ച ‘അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്ക് ഏത് സ്വർഗം വിളിച്ചാലും...’ എന്ന കവിത കാരക്കുന്നത്തെ മുഹമ്മദ് സാദിഖിനും ജമീലയ്ക്കും ഹൃദയമറിഞ്ഞ് പാടാം. കാരണം മറ്റൊന്നുമല്ല, 37 വർഷത്തെ വിവാഹജീവിതത്തിനിടയിൽ തമ്മിൽ പിരിഞ്ഞിരുന്നത് ആകെ ഏഴ് ദിവസംമാത്രം. അതും നിർഭാഗ്യം കൊണ്ടുമാത്രമെന്ന് രണ്ടുപേരും ഒരേ സ്വരത്തിൽ സാക്ഷ്യപ്പെടുത്തുന്നു. ഡൽഹിയിലെ ഒരു ബന്ധുവിന്റെയടുത്തേക്ക് രണ്ടുപേരും ഒരുമിച്ച് യാത്ര ആസൂത്രണം ചെയ്തതായിരുന്നെങ്കിലും പനികാരണം ജമീലയ്ക്ക് യാത്ര മുടക്കേണ്ടിവന്നു. ജീവിതത്തിൽ ഏറ്റവും പ്രയാസംനേരിട്ട ദിനങ്ങളേതെന്ന് ചോദിച്ചാൽ ഇരുവരുടെയും മറുപടി ആ ദിനങ്ങളെക്കുറിച്ചുതന്നെ.

ചേളന്നൂർ ശ്രീനാരായണ വിലാസം സ്കൂളിൽ ജോലി ചെയ്യുന്നതിനിടെയാണ് മുഹമ്മദ് സാദിഖ് പ്രീഡിഗ്രിക്കാരി ജമീലയെ കാണുന്നത്. രണ്ടരവർഷത്തെ പ്രണയം വിവാഹത്തിലെത്തി. 1983-ൽ ആയിരുന്നു വിവാഹം. ടി.ടി.സി. കഴിഞ്ഞശേഷം ജമീല ഇതേ സ്കൂളിലെ അധ്യാപികയായി.

മൂന്നുതവണ വിദേശയാത്ര ചെയ്തപ്പോഴും ഉംറ നിർവഹിക്കാൻ പോയപ്പോഴും ഒപ്പംതന്നെയാണ് പോയതെന്ന് പറയുമ്പോൾ ടീച്ചറുടെ മുഖത്ത് പ്രണയാർദ്രമായ കൗമാരകാലത്തിന്റെ തിരയിളക്കം. നിത്യജീവിതത്തിൽ ചെറിയ സൗന്ദര്യപ്പിണക്കം പോലും ഓർമയിലില്ലെന്ന് സാദിഖ് മാഷും കൂട്ടിച്ചേർക്കുന്നു.

65-കാരനായ സാദിഖ് വിരമിച്ചതിനുശേഷവും ടീച്ചറിനെ സ്കൂളിലേക്കയക്കാൻ നന്മണ്ട 12 വരെ എത്തും. വൈകുന്നേരം തിരിച്ചുകൊണ്ടുപോവാനും മുടങ്ങാതെ മാഷുണ്ടാവും. ഈ വർഷം സർവീസിൽനിന്ന് വിരമിക്കാനാരിക്കുകയാണ് ജമീല.

ഗാന്ധിചിത്രങ്ങൾ, സ്റ്റാമ്പുകൾ, നാണയങ്ങൾ എന്നിവയുടെ വിപുലമായ ശേഖരത്തിനുടമയാണ് സാദിഖ്. ജൂനിയർ റെഡ് ക്രോസ്സിന്റെ മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ്.

Content Highlights:  world wedding day 2020, story of Jameela Teacher sadiq Master Nanmanda

Content Highlights: