'സ്പൈക്കുണ്ടായിരുന്നെങ്കിൽ ഒന്നുകൂടി നന്നായേനെ'; 100 മീറ്റർ ഓട്ടത്തിൽ മൂന്നാമതായി മന്ത്രി

-
-

കൊല്ലം : കൊല്ലം ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിന് ശനിയാഴ്ച മന്ത്രി ജെ.ചിഞ്ചുറാണി എത്തിയത് പതിവു വേഷത്തിലായിരുന്നില്ല. ട്രാക്ക്‌ സ്യൂട്ടും ജഴ്സിയുമണിഞ്ഞ് നൂറുമീറ്റർ ഓട്ടമത്സരത്തിനാണ് മന്ത്രിയെത്തിയത്. രാവിലെ 11-നായിരുന്നു 55 വയസ്സിനു മുകളിലുള്ളവർക്കുള്ള 100 മീറ്റർ ഓട്ടമത്സരം. ഇവിടത്തെ ട്രാക്കിനും മന്ത്രി അപരിചിതയല്ല. എസ്.എൻ. വനിതാ കോളേജിൽ അത്‌ലറ്റിക്സ് ചാമ്പ്യനായിരുന്നപ്പോൾ ഒരുപാട് ഓടിയതാണ് ഈ ട്രാക്കിൽ.

മൂന്നരപ്പതിറ്റാണ്ടിന്റെ ഇടവേളയുടെ ഒരു സങ്കോചവുമില്ലാതെയായിരുന്നു മന്ത്രിയുടെ ഓട്ടം. നിമിഷങ്ങളുടെ വ്യത്യാസത്തിൽ കൊല്ലത്തുകാരി ലേഖ ഒന്നാമതായും വയനാടുനിന്നുള്ള ദീപ രണ്ടാമതും മന്ത്രി മൂന്നാമതും ഫിനിഷ് ചെയ്തു. മന്ത്രിയുടെ കായികപാരമ്പര്യമറിയാതെ പങ്കാളിത്തത്തിനായെത്തിയെന്നുകരുതി മത്സരംകണ്ടവർ പലരും ഞെട്ടി.

ഫിനിഷിങ് ലൈൻ കടന്നതും ചിഞ്ചുവേയെന്നുവിളിച്ച് പഴയ കൂട്ടുകാർ ഓടിയെത്തി. എല്ലാവർക്കും പറയാനുള്ളത് പഴയ കഥകൾ. ഡൽഹിയിൽ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങിന്റെ ഭാഗമായി നടത്തിയ ക്രോസ്‌കൺട്രി റെയ്സിൽ കേരളത്തെ പ്രതിധാനംചെയ്ത് ഒന്നാമതെത്തിയ വനിതാ എൻ.സി.സി. കാഡറ്റായിരുന്നു ചിഞ്ചുറാണി. ദീർഘദൂര ഓട്ടമത്സരങ്ങളിലെ സ്ഥിരം വിജയിയായിരുന്നു മന്ത്രിയെന്ന് പഴയ കൂട്ടുകാരുടെ സാക്ഷ്യം. സ്പൈക്കുണ്ടായിരുന്നെങ്കിൽ ഒന്നുകൂടി നന്നായേനെയെന്ന് തോന്നുന്നതായി മന്ത്രി പറഞ്ഞു.

Content Highlights: