രോഗികൾക്ക് ആശ്വാസംപകരാൻ മധുരംകൊണ്ടൊരു ചലഞ്ച്; 22,000 ലിറ്റർ പായസം,സമാഹരിച്ചത് 60 ലക്ഷം രൂപ

പാണ്ടിക്കാട്: രോഗികൾക്ക് ആശ്വാസംപകരാൻ മധുരംകൊണ്ടൊരു ചലഞ്ച്. പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്തിലെയും കീഴാറ്റൂർ പഞ്ചായത്തിലെ നെന്മിനി വില്ലേജിലെയും 350-ലേറെ രോഗികളുടെ ആശ്രയകേന്ദ്രമാണ് പാണ്ടിക്കാട് സാന്ത്വനം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ധനശേഖരണാർഥം നടത്തിയ പായസചലഞ്ചാണ് വേറിട്ടതായത്. 22,000 ലിറ്റർ പായസമാണ് തയ്യാറാക്കി വിതരണംചെയ്തത്. 60 ലക്ഷം രൂപയാണ് ഇതിലൂടെ സമാഹരിച്ചത്.

രോഗികൾക്ക് യഥാസമയം പരിചരണം നൽകുന്നതിനും മറ്റു സേവനങ്ങൾക്കുമായി വേണ്ട തുക കണ്ടെത്തുന്നതിനാണ് ഒരു ചലഞ്ച് നടത്തുക എന്ന ആശയം ജനിച്ചത്. കിടപ്പു രോഗികൾക്ക് സാന്ത്വനമേകുന്ന ചലഞ്ചായതുകൊണ്ടുതന്നെ മധുരത്തിൽ ചാലിച്ച ചലഞ്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ ‘മധുരസാന്ത്വനം’എന്ന പേരിൽ ഒരു മെഗാ പാലട പായസചലഞ്ച് നടത്താൻ തീരുമാനിച്ചു. 20,000 ലിറ്റർ പായസം തയ്യാറാക്കി 50 ലക്ഷം രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. ഓഗസ്റ്റ് രണ്ടിന് ഔദ്യോഗിക പ്രഖ്യാപനം നടത്തി.

പിന്നീടങ്ങോട്ട് വിവിധ പ്രദേശങ്ങളെ ഉൾപ്പെടുത്തി കോർണർ മീറ്റിങ്ങുകളും ക്ലബ്ബുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ സംഗമങ്ങളും നടത്തി. വിവിധ സംഘടനകളും ക്ലബ്ബുകളും ഓർഡറുകൾ ഏറ്റെടുത്തു. വീടുകൾ കയറിയിറങ്ങിയുള്ള ഓർഡറുകൾ സ്വീകരിക്കലും നടന്നു. ചലഞ്ച് സുതാര്യമാക്കാൻ ഒരു വെബ് പോർട്ടലും പുറത്തിറക്കി. ചലഞ്ച് പാണ്ടിക്കാട്ടാണ് നടന്നതെങ്കിലും കീഴാറ്റൂർ പഞ്ചായത്തിലെ നെന്മിനി മേഖലയിൽ ഉള്ളവരും സജീവമായി രംഗത്തെത്തി.

ബിരിയാണി ചലഞ്ച് പോലെ വിജയിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നങ്കിലും 22,000 ലിറ്റർ കടന്നതോടെ അതൊക്കെ അസ്ഥാനത്തായി. അട മുതൽ പന്തൽവരെ സഹായമായി എത്തി. ഒക്ടോബർ 14-ന് നിശ്ചയിച്ച ചലഞ്ചിന് 13-ന് ഉച്ചയ്ക്കുശേഷം തയ്യാറെടുപ്പ് ആരംഭിച്ചു. പെരിന്തൽമണ്ണ റോഡിലെ ‘മധു സാന്ത്വന നഗരി’ തിരക്കിലമർന്നു. ഗതാഗതം നിയന്ത്രിക്കാൻ ട്രോമ കെയർ, പോലീസ് വൊളന്റിയർമാരുടെ സേവനം, അകത്ത് യൂത്ത്‌ലീഗ് വൈറ്റ് ഗാർഡ്, യൂത്ത് കെയർ, യൂത്ത് ബ്രിഗേഡ് എന്നിവരുടെ സജീവ ഇടപെടലുകൾ, കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതിയും വ്യാപാരി വ്യവസായി സമിതിയും വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും സാംസ്കാരികക്കൂട്ടായ്മയായ ഇക്കിഗായും...കൂട്ടായ്മകളും മനുഷ്യസ്നേഹികളും അണിനിരന്നു. മേൽനോട്ടംവഹിച്ച് അഡ്വ. യു.എ. ലത്തീഫ് എംഎൽഎ ഉൾപ്പെടെയുള്ളവരും സജീവമായി.

Content Highlights: Pandikkad Santhwanam Palliative Care Society organized a massive payasam challenge