ഒരു പൊറോട്ട വാങ്ങിത്താ സാറേ; തെളിവെടുപ്പിനെത്തിച്ച പോലീസിനോട് പൊറോട്ട പ്രിയനായ കള്ളന്‍

ചാറിൽ മുക്കി തട്ടാം... പാലക്കാട് ചന്ദ്രനഗറിലെ ഹോട്ടലിൽ മോഷണം നടത്തിയ പ്രതി ശിവകുമാർ എന്ന പൊറോട്ട അനീഷിന് തെളിവെടുപ്പിനിടെ പോലീസുകാർ പൊറോട്ട വാങ്ങി നൽകിയപ്പോൾ
ചാറിൽ മുക്കി തട്ടാം... പാലക്കാട് ചന്ദ്രനഗറിലെ ഹോട്ടലിൽ മോഷണം നടത്തിയ പ്രതി ശിവകുമാർ എന്ന പൊറോട്ട അനീഷിന് തെളിവെടുപ്പിനിടെ പോലീസുകാർ പൊറോട്ട വാങ്ങി നൽകിയപ്പോൾ

പാലക്കാട്: ചന്ദ്രനഗറിലെ ഹോട്ടലില്‍ മോഷണം നടത്തിയ പൊറോട്ടപ്രിയനായ പ്രതിയെ ഒടുവില്‍ പോലീസ് പിടികൂടി. തെളിവെടുപ്പിനായി എത്തിച്ചപ്പോഴും വിശക്കുന്നുണ്ടെന്നും പൊറോട്ട വേണമെന്നുമായിരുന്നു ഇയാള്‍ക്ക് പറയാനുണ്ടായിരുന്നത്. പോലീസ് വാങ്ങിക്കൊടുത്ത പൊറോട്ട ആവേശത്തോടെ കഴിക്കുകയും ചെയ്തു. ഇനി മോഷ്ടിക്കരുത്, പാലക്കാടെത്തുമ്പോള്‍ ഇങ്ങോട്ടുവന്നാല്‍ മതി ഒന്നോ പത്തോ എത്ര പൊറോട്ട വേണമെങ്കിലും തരാമെന്ന് ഹോട്ടലുടമയും പറഞ്ഞതോടെ പ്രതി ഹാപ്പിയായി.

കന്യാകുമാരി മാര്‍ത്താണ്ഡം മരുതംകോട് സ്വദേശി ശിവകുമാറിനെയാണ് (പൊറോട്ട അനീഷ്-48) പാലക്കാട് കസബ പോലീസ് പിടികൂടിയത്. മേയ് 21-ന് പുലര്‍ച്ചെ രണ്ടിനാണ് മോഷണം നടന്നത്. ഹോട്ടലിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തുകയറിയ പ്രതി മേശയില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപയും മൊബൈല്‍ ചാര്‍ജറും മോഷ്ടിച്ചു. ഇതിനിടെ, വിശപ്പുതോന്നിയപ്പോള്‍ റെഫ്രിജറേറ്ററില്‍നിന്ന് ബീഫ് പുറത്തെടുത്ത് പാചകംചെയ്തു. പൊറോട്ടയും ബീഫും കഴിക്കുന്നതിനിടെയാണ് 'മുകളിലൊരാള്‍' എല്ലാം കാണുന്നുണ്ടെന്നറിഞ്ഞത്. ഹോട്ടലിന്റെ വാതില്‍ തകര്‍ത്തതും മോഷണം നടത്തിയതും പാചകംചെയ്തതുമടക്കം എല്ലാം സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു. പോകുന്നവഴി ചന്ദ്രനഗറിലെ കാര്‍ വര്‍ക്ക്‌ഷോപ്പിന്റെ ഓഫീസ് മുറിക്കകത്തുകയറി 6,000 രൂപയും മോഷ്ടിച്ചു.

തുടര്‍ച്ചയായി യാത്രചെയ്യുന്ന ശിവകുമാറിനെ ഏറെ പണിപ്പെട്ടാണ് പിടികൂടിയതെന്ന് പോലീസ് പറയുന്നു. മറ്റൊരു മോഷണത്തിനായി പാലക്കാട് പട്ടണത്തിലെത്തിയപ്പോഴാണ് പിടിയിലായത്. 20 വര്‍ഷമായി വിവിധ മോഷണക്കേസുകളില്‍ പ്രതിയാണ്. തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ മുന്‍പ് സമാനകേസുകളില്‍ പ്രതിയായിട്ടുണ്ട്. ഹോട്ടലുകള്‍, കടകള്‍, ഓഫീസുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ കളവ് നടത്തും. കിട്ടുന്ന പണത്തിന് മദ്യവും ലഹരിയും അകത്താക്കും. കേരളത്തിലും തമിഴ്‌നാട്ടിലും യാത്രചെയ്ത് കളവ് നടത്തുന്നതാണ് രീതി. ഒരുദിവസം കിലോമീറ്ററുകളോളം നടക്കുകയും ഒട്ടേറെ മോഷണങ്ങള്‍ നടത്തുകയും ചെയ്യും. ചെറിയ തുക നഷ്ടപ്പെടുന്നതിനാല്‍ പലരും പരാതിപ്പെടാറില്ലെന്നും സ്ഥിരമായി താമസസ്ഥലമില്ലാത്തതിനാല്‍ ആളെ കണ്ടെത്താന്‍ പ്രയാസമാണെന്നും പോലീസ് പറയുന്നു.

പാലക്കാട് കസബ ഇന്‍സ്‌പെക്ടര്‍ എം. സുജിത്ത്, എസ്‌ഐ എച്ച്. ഹര്‍ഷാദ്, വിപിന്‍, മനോജ് കുമാര്‍, യേശുദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ആര്‍. രാജീദ്, സായൂജ്, സുനില്‍, ശ്രീലത എന്നിവരാണ് പ്രതിയെ പിടികൂടിയത്.

കോട്ടയത്ത് രണ്ടുപേര്‍ ചേര്‍ന്ന് ഒരുവീട്ടില്‍ മോഷണം നടത്തിയ കേസില്‍ ഇയാള്‍ പ്രതിയാണോയെന്ന് സംശയിക്കുന്നു. കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.

Content Highlights: A serial thief with a penchant for porotta was arrested in Palakkad after a recent theft