സുനില്‍കുമാറും അമ്മയുമെത്തി; ഉസ്താദുമാര്‍ക്ക് ഓണക്കോടിയുമായി

നബിദിന ഘോഷയാത്രയില്‍ സുനില്‍കുമാറും അമ്മ വിജയകുമാരിയും ഉസ്താദുമാര്‍ക്ക് ഓണക്കോടി കൈമാറുന്നു
നബിദിന ഘോഷയാത്രയില്‍ സുനില്‍കുമാറും അമ്മ വിജയകുമാരിയും ഉസ്താദുമാര്‍ക്ക് ഓണക്കോടി കൈമാറുന്നു

മലപ്പുറം: ഓണവും നബിദിനവുമെല്ലാം മലപ്പുറത്തിന് സ്വന്തംആഘോഷങ്ങളാണ്. ഒന്നിച്ച് ഒരുപോലെ അത് ആഘോഷിക്കും. രണ്ട് സുദിനങ്ങളും ഒരുമിച്ചുവന്നാല്‍ പിന്നെ ഒന്നുകൂടി കേമമാക്കുകതന്നെ. അത്തരത്തിലൊരു നബിദിന-ഓണാഘോഷത്തിനാണ് കഴിഞ്ഞദിവസം മലപ്പുറം കോണോംപാറ സാക്ഷ്യംവഹിച്ചത്.

അധികാരത്തൊടി നജീത്തുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി മദ്രസയുടെ നബിദിന ഘോഷയാത്രയ്ക്കിടയില്‍ മദ്രസ്സയിലെ ഉസ്താദുമാര്‍ക്കെല്ലാം ഓണക്കോടി നല്‍കി കൊളത്തൂര്‍ കുന്നത്ത് സുനില്‍കുമാറും കുടുംബവും ഓണമാഘോഷിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഈ മദ്രസ്സയിലെ നബിദിനഘോഷയാത്രയില്‍ കുഞ്ഞുങ്ങള്‍ക്ക് മധുരപലഹാരങ്ങളും പാനീയങ്ങളും ഇവര്‍ വിതരണംചെയ്യാറുണ്ട്. ഇത്തവണ തിരുവോണംകൂടി ഒന്നിച്ചുവന്നതുകൊണ്ടാണ് ഉസ്താദുമാര്‍ക്ക് ഓണക്കോടി നല്‍കിയതെന്ന് സുനിലും അമ്മ വിജയകുമാരിയും പറഞ്ഞു.

നാനൂറിലേറെ വിദ്യാര്‍ഥികളുണ്ട് മദ്രസ്സയില്‍, ഒന്‍പത് ഉസ്താദുമാരും. എല്ലാ ഉസ്താദുമാര്‍ക്കും അവര്‍ ധരിക്കാറുള്ളതരം വെള്ളവസ്ത്രങ്ങള്‍തന്നെയാണ് ഓണക്കോടിയായി നല്‍കിയത്. സദര്‍ മുഅല്ലിം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഓണക്കോടി ഏറ്റുവാങ്ങി. മദ്രസ മാനേജ്മെന്റ് കമ്മിറ്റി സുനില്‍കുമാറിനെ ആദരിക്കുകയുംചെയ്തു. സുനിലിന്റെ ഭാര്യ സുനിത, മക്കളായ നന്ദകുമാര്‍, വിഷ്ണു, ശ്രീഹരി എന്നിവരും കൂടെയുണ്ടായിരുന്നു.

Content Highlights: A heartwarming celebration of Onam and Nabidinam took place at a Malappuram madrasa