കൂട്ടുകാരിയുടെ വീടെന്ന സ്വപ്നം സഫലമാക്കി സഹപാഠികൾ; താക്കോൽദാനം ഞായറാഴ്ച

സംസ്‌കൃത സര്‍വകലാശാല എൻഎസ്എ് യൂണിറ്റ് സഹപാഠിക്കായി പേരാമ്പ്ര കുറ്റിവയലിലെ മരപ്പറ്റയില്‍ നിര്‍മിച്ചു നല്‍കിയ വീട്.
സംസ്‌കൃത സര്‍വകലാശാല എൻഎസ്എ് യൂണിറ്റ് സഹപാഠിക്കായി പേരാമ്പ്ര കുറ്റിവയലിലെ മരപ്പറ്റയില്‍ നിര്‍മിച്ചു നല്‍കിയ വീട്.

തിരുനാവായ (മലപ്പുറം): കൂട്ടുകാരിയുടെ വീടെന്ന സ്വപ്നം സഫലമാക്കി സഹപാഠികൾ. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തിരുനാവായയിലുള്ള തിരൂർ പ്രാദേശിക കേന്ദ്രത്തിലെ വിദ്യാർഥിനിക്കാണ് കോളേജിലെ ഒന്നും പതിനൊന്നും നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ സ്നേഹഭവനം പദ്ധതിയിൽ വീടുണ്ടാക്കിനൽകിയത്.

മാതാപിതാക്കളില്ലാത്ത കൂട്ടുകാരിക്ക് കോഴിക്കോട് പേരാമ്പ്ര കുറ്റിവയലിലെ മരപ്പറ്റയിൽ പൈതൃകമായി ലഭിച്ച അഞ്ചു സെന്റിൽ 800 ചതുരശ്ര അടിയിലാണ് വീട് നിർമിച്ചത്. നാഷണൽ സർവീസ് സ്‌കീം വൊളന്റിയർമാരും അധ്യാപകരും വിദ്യാർഥികളും മാനസഗ്രാമസേവകരും രണ്ട് അഭ്യുദയകാംക്ഷികളും ചേർന്നാണ് വീടിനുള്ള തുക കണ്ടെത്തിയത്. സിറ്റൗട്ട്, ഹാൾ, രണ്ട് മുറികൾ (ഒരു മുറി അറ്റാച്ച്ഡ്), അടുക്കള, വർക്ക് ഏരിയ എന്നിവ ഉൾപ്പെടെ 800 ചതുരശ്ര അടിയിലാണു വീട്. സ്‌നേഹവീട്ടിൽ ഫർണിച്ചറുകളും അടുക്കള ഉപകരണങ്ങളും പാത്രങ്ങളും ഉൾപ്പെടെ എല്ലാം സജ്ജീകരിച്ചിട്ടുണ്ടെന്ന് നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർ ഡോ. അബ്ദുള്ള ഷാ പറഞ്ഞു.

11 ലക്ഷത്തിലധികം രൂപ ചെലവിലാണ് നിർമാണം നടന്നത്. മേയ് നാലിന് തുടക്കമിട്ട നിർമാണം ആറുമാസംകൊണ്ട് പൂർത്തിയാക്കാനായി.

ഞായറാഴ്ച രാവിലെ 10.30-ന് സ്നേഹവീട് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ബാലുശ്ശേരി എംഎൽഎ കെ.എം സച്ചിൻദേവും സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതാകുമാരിയും ചേർന്ന് സ്നേഹവീടിന്റെ താക്കോൽ കൈമാറും. തിരൂർ പ്രാദേശിക കാമ്പസ് ഡയറക്ടർ ഡോ. എം. മൂസ അധ്യക്ഷനാകും. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വി. ലിസി മാത്യു, ഡോ. എം. സത്യൻ, രജിസ്ട്രാർ ഡോ. മോത്തി ജോർജ് എന്നിവർ മുഖ്യാതിഥികളാകും. നാഷണൽ സർവീസ് സ്‌കീം സംസ്ഥാന ലെയ്‌സൺ ഓഫീസർ ഡോ. ഡി. ദേവിപ്രിയ മുഖ്യപ്രഭാഷണം നടത്തും.

Content Highlights: nss builts house for classmate