വൈദ്യുതാഘാതമേറ്റ മൈനയ്ക്ക് പുതുജീവന്‍ നല്‍കി തൃപ്പൂണിത്തുറയിലെ പ്രഭാതസവാരി സംഘം

തൃപ്പൂണിത്തുറ: മരണത്തില്‍ നിന്നും ജീവന്‍ തിരിച്ചുകിട്ടിയ ഒരു മൈനയെയും രക്ഷിച്ചവരെയും കുറിച്ചാണിത്. ഒരു പക്ഷേ, ഇവര്‍ കണ്ടില്ലായിരുന്നുവെങ്കില്‍ അത് അവിടെ കിടന്ന് ചാകുമായിരുന്നു. തൃപ്പൂണിത്തുറ തെക്കുംഭാഗം വലിയകാട് പ്രദേശത്ത് പ്രഭാതസവാരിക്കാരുടെ പതിവ് നടത്തത്തിനിടയിലാണ് പ്രാണന്‍പിടഞ്ഞ് ഒരു അതിഥി അവര്‍ക്കുമുന്നില്‍ എത്തിയത്.
പുഴയും നല്ല പച്ചപ്പ് നിറഞ്ഞതുമൊക്കെയായി പ്രകൃതി രമണീയമായ സ്ഥലമാണ് തൃപ്പൂണിത്തുറ തെക്കുംഭാഗം വലിയകാട് എന്ന പ്രദേശം. വനിതകളടക്കം വലിയൊരുകൂട്ടം നിത്യവും പ്രഭാതസവാരി നടത്താനായി ഇവിടെ എത്താറുണ്ട്. വലിയകാട് വാക്കേഴ്‌സ് എന്ന കൂട്ടായ്മതന്നെയുണ്ട് ഇവിടെ. രാവിലെ ഏഴു മണിയോടെ നടത്തംകഴിഞ്ഞ് സൊറപറഞ്ഞ് നില്‍ക്കുന്നതിനിടയിലാണ് ട്രാന്‍സ്ഫോര്‍മര്‍ പരിസരത്തിനടുത്ത് എന്തോ വീണിട്ടുണ്ടെന്ന് വൈശാഖ് പറഞ്ഞത്.
ട്രാന്‍സ്ഫോര്‍മറിന്റെ ചുവട്ടില്‍ നോക്കുമ്പോള്‍ ചലനമറ്റ് കിടക്കുന്ന ഒരു മൈന. വൈദ്യുതി ഷോക്കേറ്റ് പിടഞ്ഞ് താഴെ വീണതായിരുന്നു ആ മൈന. മുരുകന്‍ അതിനെയെടുത്ത് ഒ.ജെ. ജോണിന്റെ കൈയില്‍ കൊടുത്തു. ചിലപ്പോള്‍ ജീവനുണ്ടെങ്കിലോ എന്ന് പറഞ്ഞ് ജോണ്‍ അതിനെ തടവി ചൂട് നല്‍കിക്കൊണ്ടേയിരുന്നു. ഇടയ്ക്ക് അനില്‍മേനോന്‍ വെള്ളം വായിലേക്ക് തുള്ളിയായി ഒഴിച്ചുകൊടുത്തു.
'രക്ഷപ്പെട്ടാല്‍ മതിയായിരുന്നു' എന്നുപറഞ്ഞ് ബാക്കിയുള്ളവര്‍ ചുറ്റുംനിന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ മൈനയ്ക്ക് അനക്കംവെച്ചു. പിന്നാലെ അത് ചിറകടിച്ച് പറന്ന്, അടുത്തുള്ള തെങ്ങില്‍ ചെന്നിരുന്നു. 'അടിപൊളി' എന്നേറ്റുപറഞ്ഞ് എല്ലാവരും കൈയ്യടിച്ചു. ഒരു ജീവന്‍ രക്ഷിക്കാനായതിന്റെ സന്തോഷമായിരുന്നു എല്ലാവരിലും. ഈ ദൃശ്യങ്ങളെല്ലാം സിന്റോ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
Content Highlights: myna bird saved from electric shock by valiyakadu walkers group thrippunithura