പഠനോത്സവത്തിന്റെ ഭാഗമായി ഫുഡ്ഫെസ്റ്റ്, ലഭിച്ച തുക ചികിത്സാസഹായമായി നൽകി; ഈ പിള്ളേര് പൊളിയാണ്

കോട്ടയം: പഠനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുഡ്ഫെസ്റ്റിലൂടെ സമാഹരിച്ച തുക ചികിത്സാ സഹായമായി നൽകി മണർകാട് മാലം സ്കൂൾ വിദ്യാർഥികൾ. മാലം ഗവ. യു.പി.സ്കൂളിലെ വിദ്യാർഥികളാണ് ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇതേ സ്കൂളിലെതന്നെ പൂർവവിദ്യാർഥികൂടിയായ വടകര പറമ്പിൽ സുരേഷിന്(44) തുക കൈമാറിയത് .
ശരീരത്തിന്റെ ഒരുഭാഗം തളർന്ന സുരേഷ് ലോട്ടറി വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം തള്ളിനീക്കുന്നത്. സ്കൂളിലെ പഠനോത്സവത്തോടനുബന്ധിച്ച് നടത്തിയ ഫുഡ് ഫെസ്റ്റ് വളരെ വിജയകരമായിരുന്നു. കുട്ടികളുടെ പഠന തെളിവുകളുടെ പ്രദർശനവും ഫ്ലവേഴ്സ് കോമഡി ഷോയിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രൊഫഷണൽ സിംഗറായ മാസ്റ്റർ അബാൻ ജോഷിയും സംഘവും അവതരിപ്പിച്ച ഗാനമേളയും കാണികളെ ഏറെ ആകർഷിച്ചു.
പഠനോത്സവത്തിന് ലഭിച്ച വരുമാനം സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിൽ പ്രയോജനപ്പെടുത്തണമെന്ന കുട്ടികളുടെയും അധ്യാപകരുടെയും ആലോചനയിലാണ് തുക ചികിത്സാസഹായത്തിന് വിനിയോഗിക്കാൻ തീരുമാനിച്ചത്.
തുടർന്ന് പൂർവവിദ്യാർഥികൂടിയായ സുരേഷിനെ കണ്ടെത്തുകയായിരുന്നു. സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർഥികൾ നേരിട്ട് പങ്കാളികളായാണ് സഹായം കൈമാറിയത്.
ചെറുപ്പത്തിൽതന്നെ കുട്ടികളെ ഇത്തരം സാമൂഹിക ഉത്തരവാദിത്വ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും ഭാവിയിൽ നല്ല പൗരന്മാരായി വളരുന്നതിനുമായാണ് ഇത്തരത്തിൽ ചടങ്ങ് സംഘടിപ്പിച്ചതെന്ന് സ്കൂൾ പ്രഥമാധ്യാപിക കെ.പി. ബിന്ദു പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് അംഗം ജിജി ജിജി, കെ.പി. ബിന്ദു, സ്കൂൾ വികസനസമിതി അംഗം ജിജി മണർകാട്, പി.ടി.എ. പ്രസിഡന്റ് അമ്പിളി സജി, അധ്യാപിക പി.എം. ജയമോൾ, പി.ടി.എ.അംഗം സജിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Content Highlights: Students of Malam Govt UP School donated food fest proceeds to a former student., The recipient, Suresh, is a 44-year-old lottery seller facing physical challenges., The initiative aimed to foster social responsibility among students in 2026., The school's 'Pathanolsavam' event combined educational showcases with community service.