‘കാഴ്ച പോയെങ്കിലും അവനെന്റെ കുട്ടനല്ലേ’; കണ്ണുകൾ നഷ്ടപ്പെട്ട നായയെ പൊന്നുപോലെ പരിചരിച്ച് കണ്ണൻ

അപകടത്തിൽ രണ്ടുകണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട നായ കുട്ടനെ പരിപാലിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ണൻ
അപകടത്തിൽ രണ്ടുകണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട നായ കുട്ടനെ പരിപാലിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ണൻ

കോട്ടയം: നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ണന്റെ കൂട്ടായ നായ കുട്ടന്റെ നഷ്ടപ്പെട്ട കണ്ണുകളുടെ തുടർചികിത്സ പൂർത്തിയാക്കി മടങ്ങിവന്നപ്പോൾ ആയിരം കണ്ണുമായി കാത്തിരുന്നവരുടെ മനസ്സ് നിറഞ്ഞു. കണ്ണ് കാണില്ലെങ്കിലും പരിചരിച്ചോളാമെന്ന് കണ്ണൻ പറഞ്ഞതോടെയാണ് കുട്ടനെ തിരിച്ചുകൊണ്ടുവന്നത്.

വാഹനമിടിച്ച് കുട്ടന്റെ കണ്ണുകൾ നഷ്ടപ്പെട്ടെന്ന് അറിഞ്ഞ മൃഗസ്നേഹികളാണ് ആദ്യം പരിപാലനമുറപ്പിച്ചത്. പാലക്കാട്ടെ വീട്ടിലേക്ക് കണ്ണൻ പോയി മടങ്ങിവന്നപ്പോൾ പലയിടത്തും അന്വേഷിച്ചിട്ടും കുട്ടനെ കണ്ടെത്തിയില്ല. കണ്ണുകൾക്ക് പരിക്ക് പറ്റിയനിലയിൽ കണ്ടെത്തിയ കുട്ടനെ നാട്ടുകാർ അറിയിച്ചതനുസരിച്ച് ’സേവ് പോസ് ആനിമൽ റെസ്ക്യൂ ടീം’ അംഗം പള്ളിക്കത്തോട് സ്വദേശി അജിത ഏറ്റെടുത്തു.

ശേഷം കൊല്ലം സ്വദേശി മുഹമ്മദ് ഫൈസലിന്റെ സംരക്ഷണത്തിൽ കൊല്ലം വെറ്ററിനറി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ച വീണ്ടെടുക്കാനായില്ല. ആദ്യ സമയത്ത് കണ്ണ്‌ രണ്ടും പുറത്തേക്ക് തള്ളിയനിലയിലായിരുന്നു.

‘‘കുട്ടന് ശരീരത്തിൽ ഒരിടത്തും ചെറിയ പോറൽ പോലുമില്ല. പിന്നെങ്ങനെ അത് അപകടമാകും. ആരെങ്കിലും അവന്റെ കണ്ണിൽ എന്തെങ്കിലും തളിച്ചതോ കുത്തിപ്പൊട്ടിക്കാൻ ശ്രമിച്ചതോ ആകണം’’ - കണ്ണൻ പറയുന്നു. 

10 വർഷം മുന്പ് സ്റ്റേഡിയം നിർമാണ സമയത്ത് ഇവിടെ വന്നതാണ് കണ്ണൻ. രണ്ട് വർഷം കഴിഞ്ഞപ്പോൾ ഒരു കുഞ്ഞ് പട്ടിയെ വഴിയിൽനിന്ന് കിട്ടി. കുട്ടനെന്ന് പേരിട്ടു. ഇപ്പോൾ എട്ട് വയസ്സ്. കണ്ണനും മറ്റ് ജീവനക്കാർക്കും സ്റ്റേഡിയത്തിൽ പരിശീലനത്തിന് എത്തുന്നവർക്കും പ്രിയപ്പെട്ടവനായ കുട്ടൻ രാത്രിയിൽ സ്റ്റേഡിയത്തിനുള്ളിൽ സുരക്ഷ ഉറപ്പാക്കും.

പരിശീലനത്തിനെത്തുന്ന കുട്ടികൾക്കും രാവിലെ ഷട്ടിൽ കളി കാണാനെത്തുന്നവർക്കും പ്രിയപ്പെട്ടവനായി. സ്റ്റേഡിയത്തിലെ ഒരു മുറിയിൽ കഞ്ഞിവെച്ച് കഴിയുന്ന കണ്ണൻ ഉള്ളതിൽ ഒരു പങ്ക് കൊടുത്താണ് പരിപാലിക്കുന്നത്. പലരും ബിസ്കറ്റും ചിക്കനുമൊക്കെ എത്തിക്കും.

കണ്ണനെ പൊന്നുപോലെ ഇഷ്ടമാണ് കുട്ടന്. കണ്ണന്റെ അടുത്തു വന്നതോടെയാണ് കുട്ടൻ കൂടുതൽ ആരോഗ്യം വീണ്ടെടുക്കുന്നതും.

‘‘ കാഴ്ച പോയെന്നുകരുതി മക്കളെ ഉപേക്ഷിക്കില്ലല്ലോ. എനിക്കവൻ മകനെപ്പോലെയെന്ന്’’ പറഞ്ഞ കണ്ണന്റെ സങ്കടം കണ്ടപ്പോഴാണ് സ്റ്റേഡിയത്തിൽ ഷട്ടിൽ കളിക്കാനെത്തുന്ന ഡോ. ജോജി എബ്രഹാം കണ്ണനെ കൊല്ലത്ത് കൊണ്ടുപോയി കുട്ടനെയും കൂട്ടിവന്നത്. ഇപ്പോൾ കണ്ണനും കുട്ടനും ഹാപ്പി. സ്റ്റേഡിയത്തിൽ വന്നുപോകുന്നവരും.

Content Highlights: Kuttan the dog lost his sight due to a suspected malicious act. Kannan, a security guard at Nagampadam Indoor Stadium, provides unwavering care for Kuttan. Community members and animal rescuers collaborated for Kuttan's medical treatment. The bond between the caretaker and his dog highlights compassion and humanity.