നാടുകാണി ചുരം റോഡില്‍ മരംവീണ് ഗതാഗത തടസ്സം; മുറിച്ചുമാറ്റി KSRTC കണ്ടക്ടര്‍, സഹായവുമായി യാത്രക്കാർ

നാടുകാണി ചുരത്തില്‍ റോഡിനുകുറുകെ വീണ് ഗതാഗത തടസമുണ്ടാക്കിയ മരം മുറിച്ചുമാറ്റുന്ന കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ കെ. ഗിരീഷ്.
നാടുകാണി ചുരത്തില്‍ റോഡിനുകുറുകെ വീണ് ഗതാഗത തടസമുണ്ടാക്കിയ മരം മുറിച്ചുമാറ്റുന്ന കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ കെ. ഗിരീഷ്.

നിലമ്പൂര്‍: മലപ്പുറം നാടുകാണി ചുരത്തിലെ ഗതാഗത തടസ്സം മാറ്റാന്‍ ടിക്കറ്റ് മെഷീനും പണബാഗും മാറ്റിവെച്ച് കണ്ടക്ടര്‍ വാളെടുത്തു. റോഡിന് കുറുകെ വീണ മരം മുറിച്ച് കഷണങ്ങളാക്കി അരമണിക്കൂറില്‍ തടസംമാറ്റി കണ്ടക്ടര്‍ ഗതാഗതം പുന:സ്ഥാപിച്ചു. അതോടെ ബ്ളോക്കില്‍പെട്ട മറ്റ് യാത്രക്കാര്‍ക്കും സൗകര്യമായി. വെള്ളിയാഴ്ച രാവിലെ 7.15-ഓടെ നാടുകാണി ചുരത്തില്‍ കേരള-തമിഴ്നാട് അതിര്‍ത്തിക്കടുത്ത് തമിഴ്നാടിന്റെ ഭാഗത്തായിരുന്നു സംഭവം.

കല്‍പ്പറ്റയില്‍നിന്ന് രാവിലെ 5.30-ന് പുറപ്പെടുന്ന പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി. ബസ് അതിര്‍ത്തിയിലെത്തിയപ്പോള്‍ റോഡ് അര കിലോമീറ്ററോളം ബ്ളോക്കായിരുന്നു. ബസ്സില്‍ നിന്നിറങ്ങി ബ്ളോക്കിന്റെ കാരണം തേടിയപ്പോഴാണ് വലിയ ഒരു മരം റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടതാണ് എന്നറിയുന്നത്. മരം മുറിച്ചു മാറ്റുകയല്ലാതെ മറ്റു വഴികളൊന്നുമില്ല.

അപ്പോഴേക്കും ചിലര്‍ തമിഴ്നാട് അഗ്‌നിരക്ഷാ സേനയെ വിളിച്ചെങ്കിലും അവര്‍ ഊട്ടി റോഡില്‍ മറ്റൊരു തടസ്സം നീക്കുകയാണെന്നും അതുകഴിഞ്ഞ് എത്താമെന്നും അറിയിച്ചു. റോഡിന്റെ രണ്ടു വശങ്ങളിലും വാഹനങ്ങളുടെ നിര കൂടിക്കൂടി വന്നുതുടങ്ങി. അപ്പോഴാണ് കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേയ്ക്ക് പോകുകയായിരുന്ന ഒരു വാഹനത്തില്‍ മരം മുറിച്ചുമാറ്റാന്‍ കഴിയുന്ന മെഷീന്‍ (വാള്‍) ഉണ്ടെന്നറിയുന്നത്.

എന്നാല്‍, ആ വാഹനത്തിലുള്ളവര്‍ക്ക് അത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. പിന്നെ താമസിച്ചില്ല, കല്‍പ്പറ്റ ബസിലെ കണ്ടക്ടര്‍ വയനാട് പടിഞ്ഞാറെത്തറ സ്വദേശി കെ. ഗിരീഷ് മരം മുറിച്ചുമാറ്റാന്‍ തയ്യാറാണെന്നറിയിച്ചു. തുടര്‍ന്ന് മരം മുറിച്ചുമാറ്റാനുള്ള തയ്യാറെടുപ്പായി. മെഷീനില്‍ പെട്രോള്‍ കുറവാണെന്ന് ഉടമ അറിയിച്ചതോടെ ആവശ്യത്തിന് മാത്രം രണ്ട് കഷണങ്ങളാക്കി സാമാന്യം വലിപ്പമുണ്ടായിരുന്ന മരം മുറിച്ചുനീക്കി.

നീക്കാനും മറ്റു സഹായത്തിനും യാത്രക്കാരും കൂടിയതോടെ അരമണിക്കൂര്‍ കൊണ്ട് മരം രണ്ട് ഭാഗങ്ങളായി മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. യാത്രക്കാരെല്ലാം കണ്ടക്ടറെ അനുമോദിക്കുകയും ചെയ്തു. പരമ്പരാഗത കര്‍ഷക കുടുംബത്തിലെ അംഗമായ ഗിരീഷിന് മുന്‍പ് ഇത്തരം മെഷീന്‍ ഉപയോഗിച്ച് പരിചയമുള്ളതാണ് സഹായകരമായത്.

Content Highlights: ksrtc conductor helped cutting tree fell in nadukani churam road