റോഡിൽക്കിടന്ന ആറുലക്ഷം രൂപ സ്റ്റേഷനിലേൽപ്പിച്ചു; യുവാവിന് പോലീസിന്റെ ആദരം; തുക ഉടമയ്ക്ക് തിരികെനൽകി

കോട്ടയം: റോഡില്‍നിന്ന് കളഞ്ഞുകിട്ടിയ ആറുലക്ഷംരൂപ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ച സത്യസന്ധതയ്ക്ക് പോലീസിന്റെ അനുമോദനം. വാകത്താനം നാലുന്നാക്കല്‍ കുരിക്കാട്ടുപറമ്പ് വീട്ടില്‍ ജോണ്‍ ചാക്കോയുടെ മകന്‍ ബിനോയ് ജോണ്‍ (40) ആണ് പാമ്പാടി പോലീസിന്റെ അനുമോദനത്തിന് പാത്രമായത്. കഴിഞ്ഞ ശനിയാഴ്ച മീനടം ഭാഗത്തെ റോഡില്‍വെച്ച് കളഞ്ഞുകിട്ടിയ ആറുലക്ഷംരൂപ ബിനോയ് പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.
തുകയുടെ അവകാശി വാകത്താനം സ്വദേശി റെജിമോന്‍ സ്റ്റേഷനിലെത്തി നഷ്ടപ്പെട്ട തുകയുടെ വിശദാംശങ്ങള്‍ പറയുകയും പോലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജാരാക്കുകയും ചെയ്തു. ഇതോടെ പാമ്പാടി പോലീസ് സ്‌റ്റേഷന്‍ ഐപി എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്‌ഐ ഉദയകുമാര്‍, സാമൂഹികപ്രവര്‍ത്തകര്‍, തുക ലഭിച്ച ബിനോയ് ജോണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പണം അവകാശിയായ റെജിമോന് കൈമാറുകയും ചെയ്തു.
തനിക്ക് കടബാധ്യതയുണ്ടായിട്ടും ഈ പണം പോലീസ് സ്റ്റേഷനില്‍ കൈമാറി സത്യസന്ധത കാണിച്ച ബിനോയ് ജോണിന് പ്രശംസാപത്രം നൽകി പാമ്പാടി പോലീസ് ആദരിച്ചു. ടൈല്‍ ജോലിക്കാരനാണ് ബിനോയ്.
Content Highlights: Honest Kerala Man Returns 6 Lakh Found on Roadside Awarded for Integrity