ഷോക്കേറ്റുവീണ മയിലിന് സി.പി.ആർ. നൽകി രക്ഷിച്ച് അഗ്നിരക്ഷാസേന

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം, ഷോക്കേറ്റ് വീണ മയിലിന് സി.പി.ആർ. നൽകുന്ന പാലക്കാട് അഗ്നിരക്ഷാജീവനക്കാർ.
പ്രതീകാത്മകചിത്രം, ഷോക്കേറ്റ് വീണ മയിലിന് സി.പി.ആർ. നൽകുന്ന പാലക്കാട് അഗ്നിരക്ഷാജീവനക്കാർ.

പാലക്കാട്: ഷോക്കറ്റ് പിടഞ്ഞ മയിലിന് പുതുജീവൻ നൽകി പാലക്കാട്‌ അഗ്നിരക്ഷ ഉദ്യോഗസ്ഥർ. സമയോചിതമായി ഇടപെട്ട് മയിലിന് സി.പി.ആർ. നൽകിയും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചുമാണ് ജീവൻ രക്ഷിച്ചത്.

പാലക്കാട്‌ സിവിൽ സ്റ്റേഷന് സമീപത്ത് തിങ്കളാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. സിവിൽ സ്റ്റേഷനു സമീപത്തുള്ള ട്രാൻസ്ഫോർമറിനു താഴെ ആളുകൾ കൂടിനിൽക്കുന്നതു കണ്ടാണ് അഗ്നിരക്ഷാജീവനക്കാർ അവിടേക്ക് ഓടിയെത്തിയത്.

ട്രാൻസ്‌ഫോമറിൽനിന്ന് ഷോക്കേറ്റ് വീണുകിടക്കുകയായിരുന്നു മയിൽ. ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന മയിലിനെ കൈയിലെടുത്ത് ഉദ്യോഗസ്ഥരായ ആർ. സതീഷ്, ആർ. രാജേഷ്, കെ. ഷാജി അടക്കമുള്ളവർ തിരിച്ച് സ്റ്റേഷനിലേക്കോടി. ഇവരുടെ നേതൃത്വത്തിൽ മയിലിന് സി.പി.ആർ. നൽകിത്തുടങ്ങി. മയിലിന് അനക്കമില്ലാതായതോടെ എല്ലാവരും ഒന്ന് പരിഭ്രാന്തരായെങ്കിലും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മയിൽ ശ്വാസം ഉള്ളിലേക്കെടുത്ത് കരഞ്ഞു. ശബ്ദം കേട്ടതും കണ്ടുനിന്നവർക്ക് ആശ്വാസം.

തുടർന്ന് ഉദ്യോഗസ്ഥർ മയിലിനെയുംകൊണ്ട് അടുത്തുള്ള വെറ്ററിനറി ആശുപത്രിയിലേക്ക് തിരിച്ചു. ഇതിനിടയിൽ മയിലിനെ കൈയിൽ കിടത്തി ആവശ്യത്തിന് വെള്ളം കൊടുത്തും പരിചരിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയ ശേഷമാണ് വിട്ടയച്ചത്.

Content Highlights: fireforce rescues electrocuted peacock in palakkad