‘ഇതാണ് കേരളം’; ആനച്ചുവട്ടിൽ പാപ്പാൻ നോമ്പുതുറന്നു, ക്ഷേത്രംകമ്മിറ്റിയുടെ കരുതലിൽ | VIDEO

പാവറട്ടി (തൃശ്ശൂർ): ഉത്സവത്തിനെഴുന്നള്ളിച്ച ആനയുടെ കാൽച്ചുവട്ടിലിരുന്ന് നോമ്പുതുറക്കുന്ന പാപ്പാന്റെ വീഡിയോ നിമിഷങ്ങൾക്കകം ജനം ഏറ്റെടുത്തു. ആ നോമ്പുതുറയ്ക്കുപിന്നിൽ ക്ഷേത്രം കമ്മിറ്റിക്കാരുടെ കരുതലും സ്‌നേഹവും ഉണ്ടെന്നറിഞ്ഞപ്പോൾ വീഡിയോക്കുതാഴെ കമന്റുകൾ നിറഞ്ഞു: 'ഇതാണ് കേരളം...' തൃശ്ശൂരിലെ വെങ്കിടങ്ങ് പാടൂർ പുതുകാവ് ക്ഷേത്രോത്സവത്തിനിടെ എഴുന്നള്ളിച്ച അക്കരമേൽ ശേഖരൻ എന്ന ആനയുടെ ഉടമയും ഒന്നാംപാപ്പാനുമായ കോഴിക്കോട് താമരശ്ശേരി സ്വദേശി സൈനുദ്ധീനാണ് ആനയുടെ കാൽച്ചുവട്ടിലിരുന്ന് നോമ്പുതുറന്നത്.
'21 വർഷമായി ഞാൻ ആനയ്‌ക്കൊപ്പമുണ്ട്. വെള്ളിയാഴ്ചയായിരുന്നു ക്ഷേത്രത്തിലെ പൂരം. പാടൂർ ഗ്രാമിക എന്ന കമ്മിറ്റിക്കു വേണ്ടിയാണ് എഴുന്നള്ളിപ്പിനെത്തിയത്. പൂരം തുടങ്ങുന്നതിനുമുൻപ് ക്ഷേത്രക്കമ്മിറ്റിക്കാർ ആനക്കാർക്കുവേണ്ട ഭക്ഷണത്തിന്റെ കാര്യങ്ങൾ തിരക്കിയിരുന്നു. എന്നാൽ, നോമ്പുള്ളതിനാൽ ഉച്ചഭക്ഷണം വേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷേ, ഒട്ടും പ്രതീക്ഷിക്കാതെയാണ് ക്ഷേത്രക്കമ്മിറ്റിക്കാർ കൃത്യം വൈകീട്ട് 6.28-ന് നോമ്പുതുറക്കുന്ന സമയംനോക്കി ഭക്ഷണവും വെള്ളവും എത്തിച്ചത്', സൈനുദ്ദീന്റെ വാക്കുകളിൽ സ്‌നേഹത്തിന്റെയും ആദരത്തിന്റെയും മറ്റൊരു പൂരം.
ആനയുടെ മാനേജർ റിയാസും ഇവർക്കൊപ്പമുണ്ടായിരുന്നു. ആനയുടെ അരികിലിരുന്ന് നോമ്പുതുറക്കുന്ന വീഡിയോ തങ്ങൾതന്നെയാണ് മൊബൈൽഫോണിൽ പകർത്തിയതെന്ന് ക്ഷേത്രക്കമ്മിറ്റിക്കാർ പറഞ്ഞു. രാത്രി 9.30-ഓടെ കൂട്ടിയെഴുന്നള്ളിപ്പും കഴിഞ്ഞ് കമ്മിറ്റിക്കാരോട് നന്ദിപറഞ്ഞാണ് സൈനുദ്ധീനും ഒപ്പമുള്ളവരും മടങ്ങിയത്.