‘മകനെപ്പോലെ കൂടെനിന്ന് ചിതയ്ക്ക് തീ കൊളുത്തണം‘; നഗരസഭാ കൗൺസിലർക്ക് അപ്രതീക്ഷിത ‘പുത്രനിയോഗം’

രാജൻ നായരുടെ ചിതയ്ക്ക് യതീന്ദ്രദാസ് തീകൊളുത്തുന്നു, വ്യാഴാഴ്ച രാവിലെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിയ പി. യതീന്ദ്രദാസ് രാജൻ നായരുടെ ഭാര്യ പദ്മാവതിക്കൊപ്പം. പദ്മാവതിയെ ആശ്രമത്തിലേക്കു മാറ്റാനുള്ള കത്താണ് കൈയിൽ
രാജൻ നായരുടെ ചിതയ്ക്ക് യതീന്ദ്രദാസ് തീകൊളുത്തുന്നു, വ്യാഴാഴ്ച രാവിലെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിയ പി. യതീന്ദ്രദാസ് രാജൻ നായരുടെ ഭാര്യ പദ്മാവതിക്കൊപ്പം. പദ്മാവതിയെ ആശ്രമത്തിലേക്കു മാറ്റാനുള്ള കത്താണ് കൈയിൽ

ചാവക്കാട്: രാജൻ നായരെ ഞാനിതിനു മുൻപ് കണ്ടിട്ടില്ല, അറിയുക പോലുമില്ലായിരുന്നു. എന്നിട്ടും കഴിഞ്ഞ വെള്ളിയാഴ്ച എന്നെത്തേടി ആ നിയോഗമെത്തി. ഒരു മകന്റെ സ്ഥാനത്തുനിന്ന് അച്ഛനുവേണ്ടിയെന്നപോലെ രാജൻ നായരുടെ ചിതയ്ക്ക് ഞാൻ തീ കൊളുത്തി, പിന്നീട് ചിതാഭസ്മം കടലിൽ നിമജ്ജനം ചെയ്തു -ചാവക്കാട് നഗരസഭാ വികസന സ്ഥിരംസമിതി അധ്യക്ഷൻ പി. യതീന്ദ്രദാസിന്റെ വാക്കുകളിൽ നിറഞ്ഞുനിന്നത് മനുഷ്യസ്നേഹത്തിന്റെ സൗന്ദര്യം. മേയ് എട്ടിനാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നാട്ടിക സ്വദേശി വെളുത്താക്കിൽ രാജൻ നായർ മരിച്ചത്. മാസങ്ങളായി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ പദ്മാവതിയല്ലാതെ ഉറ്റവരായി ആരും കൂടെയുണ്ടായിരുന്നില്ല. ഭർത്താവിന്റെ പെട്ടെന്നുള്ള വിയോഗത്തിൽ എന്തുചെയ്യണമെന്നറിയാതെ പദ്മാവതി പകച്ചുനിന്നു. ഇതോടെയാണ് വാർഡ് കൗൺസിലർ കൂടിയായ യതീന്ദ്രദാസിന്റെ സഹായം പോലീസ് തേടിയത്.

ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് മൃതദേഹം സംസ്‌കരിക്കാൻ സഹായംതേടി യതീന്ദ്രദാസിന് പോലീസിന്റെ വിളിയെത്തിയത്. സാങ്കേതിക തടസ്സങ്ങൾ കാരണം സംസ്‌കാരം പ്രതിസന്ധിയിലായതോടെ സാക്ഷ്യപത്രം എഴുതിനൽകി മൃതദേഹം ഏറ്റുവാങ്ങി.

ശ്മശാനത്തിലേക്ക് പോകുമ്പോൾ പദ്മാവതി യതീന്ദ്രദാസിനോട് പറഞ്ഞതിങ്ങനെ, 'മോനേ... എനിക്ക് ചിത കാണാനുള്ള ധൈര്യമില്ല. നീ എന്റെ മകനെപ്പോലെ കൂടെനിന്ന് ആ ചിതയ്ക്ക് തീ കൊളുത്തണം...’. ആ വാക്കുകൾ യതീന്ദ്രദാസിന്റെ ഹൃദയത്തിലാണ് പതിച്ചത്. ചിതയിലേക്ക് കൊള്ളി നീട്ടിയപ്പോൾ വർഷങ്ങൾക്കു മുൻപ് മരിച്ചുപോയ അച്ഛന്റെയും അമ്മയുടെയും ഓർമ ഒരു നീറ്റലായി മനസ്സിലെത്തിയെന്ന് യതീന്ദ്രദാസ് പറയുന്നു.

സംസ്‌കാര കർമങ്ങൾക്കുശേഷം പദ്മാവതി, ഒരുകാര്യം കൂടി യതീന്ദ്രദാസിനെ ഏൽപ്പിച്ചു. അസ്ഥി കടലിൽ നിമജ്ജനം ചെയ്യണമെന്നതായിരുന്നു അത്. കഴിഞ്ഞ ദിവസം പഞ്ചവടി വാ കടപ്പുറത്ത് അതും നിർവഹിച്ചു. മുംബൈയിൽ ടാറ്റ കമ്പനിയിൽ ഉയർന്ന ജോലിയിലായിരുന്നു രാജൻ നായർ. തന്റെ സമ്പാദ്യവും സമയവും സാമൂഹ്യസേവനത്തിനും ദാനധർമങ്ങൾക്കുമായി ഉഴിഞ്ഞുവെച്ചതോടെ മിച്ചമായി ഒന്നുമുണ്ടായില്ല. ജീവിതയാത്രയിൽ ഉടനീളം തണലായുണ്ടായത് ഭാര്യ പദ്മാവതി മാത്രം. ഒരു മകനും മകളുമാണ് ഇവർക്കുള്ളത്. മകൻ സന്ന്യാസജീവിതം തിരഞ്ഞെടുത്തു. മകൾ അർബുദം ബാധിച്ച് മുംബൈയിൽ ചികിത്സയിലാണ്. വിവിധ ആശ്രമങ്ങളെ ആശ്രയിച്ചായിരുന്നു ഇരുവരുടെയും ജീവിതം. രോഗബാധിതനായതോടെ മാസങ്ങളായി ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ജനറൽ വാർഡിലായിരുന്നു.

പദ്മാവതിയെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ശ്രമവും യതീന്ദ്രദാസ് നടത്തുന്നുണ്ട്. അടുത്ത ദിവസം ഗുരുവായൂരിലെ ആശ്രമത്തിലേക്ക് താമസം മാറും. ഇനിയുള്ള ജീവിതത്തിൽ മകന്റെ സ്ഥാനത്ത് യതീന്ദ്രദാസ് ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമേയില്ലെന്ന് പദ്മാവതി പറഞ്ഞു.

Content Highlights: Chavakkad councilor P. Yathindradas performs final rites for a stranger, honoring a widow's request.