ഒരു ജീവനല്ലേ, കൈവിടില്ല; ആരവിന്റെയും ആദവിന്റെയും കരുതൽ, തോട്ടിൽ വീണ കുഞ്ഞിന് പുതുജീവൻ

#ന്യൂസ് ഡെസ്‌ക്
ആദവ് പ്രവീണും ആദ്യയും ആരവ് മോഹനനും
ആദവ് പ്രവീണും ആദ്യയും ആരവ് മോഹനനും

കൊരട്ടി: വെള്ളത്തിൽ വീണുപിടഞ്ഞ രണ്ടുവയസ്സുകാരിയെ കണ്ടതോടെ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല ആരവി(7)ന്. തോട്ടിലേക്ക് ചാടി അവളെ കരയ്ക്ക് കയറ്റി. കൂട്ടുകാരൻ രക്ഷപ്പെടുത്തിയ കുഞ്ഞിന് പ്രഥമശുശ്രൂഷ നൽകാൻ ഒപ്പമുണ്ടായ ആദവ് പ്രവീണും (9) ധൈര്യം കാണിച്ചതോടെ പുതുജീവിതത്തിലേക്കാണ് ആ കുഞ്ഞ് പിച്ചവെച്ചത്.

പ്രതിസന്ധിഘട്ടത്തിൽ പതറാതെ ഇരുവരും കാണിച്ച മനസ്സാന്നിധ്യവും ധൈര്യവും ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾക്കാണ് വെളിച്ചമേകിയത്. ആരവ് മോഹനനും ആദവ് പ്രവീണും പാടത്തേക്ക് പോകുമ്പോൾ വീട്ടുകാരറിയാതെ ഒപ്പം കൂടിയതാണ് എൽകെജി വിദ്യാർഥി ആദ്യയും രണ്ടുവയസ്സുകാരി അനിയത്തി ആൻവിയും. ഇവർ അയൽക്കാരാണ്.

കുട്ടികളെ തിരിച്ചയയ്ക്കാൻ ശ്രമിച്ചെങ്കിലും ചേട്ടന്മാർക്കൊപ്പം പോകണമെന്ന വാശിയിലായിരുന്നു ഇരുവരും. തുടർന്ന് മുന്നിൽ നടന്നുനീങ്ങിയ ആരവ് ഇടയ്ക്ക് പിന്നിലേക്ക് നോക്കിയപ്പോൾ തോട്ടിലേക്ക് നോക്കിനിന്ന് കരയുന്ന ആദ്യയെയാണ് കണ്ടത്. സഹോദരി ആൻവി വെള്ളത്തിൽ മുങ്ങിത്താഴുന്നു. ഉടനെ തോട്ടിലേക്ക് ചാടി നെഞ്ചിനൊപ്പമുള്ള വെള്ളത്തിലൂടെ മുന്നോട്ടുനീങ്ങിയ ആരവ് ആൻവിയെ കരയ്ക്ക് കയറ്റി. ആദവ് ആൻവിയെ തന്റെ കൈത്തണ്ടയിൽ കമിഴ്ത്തിക്കിടത്തി നന്നായൊന്ന് പുറത്ത് കൊട്ടിയും കൊടുത്തു. പിന്നാലെ ആൻവിയുടെ ഉള്ളിൽ കിടന്ന വെള്ളവും ചെളിയും പുറത്തേക്ക് വന്നു, ഒപ്പം കരച്ചിലും. അയൽക്കാർ ആദ്യം പാടത്തുവീണെന്നാണ് കരുതിയത്. സംഭവം വിശദമായി അറിയുന്നത് പിന്നീടാണ്. മൂവരും കൊരട്ടി പഞ്ചായത്ത് സ്‌കൂളിലാണ് പഠിക്കുന്നത്. പാക്കാട്ടി ജിഷ്ണുദേവിന്റെയും ബിന്ദ്യയുടെയും മക്കളാണ് ആദ്യയും ആൻവിയും. ചൂനക്കര ചേരാനല്ലൂർ കൂട്ടാല മോഹനൻ-അനിത ദമ്പതിമാരുടെ മകനാണ് ആരവ്. രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. ആദവ് പ്രവീൺ നാലാം ക്ലാസിലാണ്. വാരണാട്ട് പ്രവീൺ-ലീന ദമ്പതിമാരുടെ മകനാണ്. ഈ അധ്യയനവർഷം സ്‌കൂളിൽനിന്ന് ലഭിച്ച അഗ്‌നിരക്ഷാസേനയടെ ദുരന്തനിവാരണപരിശീലനമാണ് രക്ഷാപ്രവർത്തനത്തിന് പ്രേരണയായത്.

അന്ന് പലരും ഇങ്ങനെയൊരു പരിശീലനം എന്തിന് എന്ന് ചിന്തിച്ചിരുന്നു. ഇന്നതിന്റെ പ്രാധാന്യം അനുഭവത്തിലൂടെ കാണിച്ചുതരുകയാണ് ഈ കുഞ്ഞുങ്ങൾ.

Content Highlights: Two young boys, Aarav and Aadav, showed immense courage by rescuing a two-year-old girl who fell into a canal. Read their inspiring story of bravery and quick thinking.