സമ്മര്ദംനിറഞ്ഞ ജോലിക്ക് രണ്ടുദിവസം അവധി; ട്രിപ്പടിച്ച് ആലപ്പുഴ നോര്‍ത്ത് പോലീസ്; ചുമതല ഏറ്റെടുത്ത് സൗത്ത് പോലീസ്

ആലപ്പുഴ: മാനസികസമ്മര്‍ദം നിറഞ്ഞ ജോലിക്ക് രണ്ടുദിവസം അവധി നല്കി ഒരുമിച്ചൊരു ഉല്ലാസയാത്ര. ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനിലെ പോലീസുകാര്‍ ഏറെക്കാലമായി അതാഗ്രഹിച്ചിരുന്നു. ഒടുവില്‍ അവര്‍ യാത്ര തിരിച്ചു,വാഗമണിലേക്ക്. നോര്‍ത്ത് സ്റ്റേഷനിലെ 80-ല്‍ 60 പേരും യാത്രയില്‍ പങ്കാളികളായി. രണ്ടുദിവസം ഇവരുടെ പരിധിയിലെ ക്രമസമാധാനച്ചുമതല സൗത്ത് പോലീസ് ഏറ്റെടുക്കുകയും ചെയ്തു.
പോലീസുകാരുടെ ആഗ്രഹത്തിന് എസ്പി എം.പി. മോഹനചന്ദ്രനും ഡിവൈഎസ്പി എം.ആര്. മധുബാബുവും സമ്മതംമൂളിയതോടെയാണ് യാത്രാവണ്ടി പുറപ്പെട്ടത്.
രണ്ടു ബസുകളിലായി 15-നാണ് സംഘം പുറപ്പെട്ടത്. ഒരു വനിതയുള്‍പ്പെടെ രണ്ട് പ്രിന്‍സിപ്പല്‍ എസ്ഐമാര്‍, എട്ട് ഗ്രേഡ് എസ്ഐമാര്‍ എന്നിവരുള്‍പ്പെട്ട സംഘത്തില്‍ ആകെ ഒന്‍പതു വനിതകളുണ്ടായിരുന്നു. മൂന്നു പാചകക്കാരെയും ഒപ്പം കൂട്ടി. രാവിലെ ആറു മണിയോടെ ആലപ്പുഴയില്‍നിന്ന് പുറപ്പെട്ട സംഘം പത്തുമണിയോടെ വാഗമണില്‍ എത്തി.
അവിടെ 10 ജീപ്പുകളിലായി ട്രക്കിങ്. കാരിക്കോട് ടോപ്ഹില് പോയിന്റ്, കോട്ടമല വ്യൂ പോയിന്റ്, ഉളുപ്പൂണി കപ്പക്കാനം വെള്ളച്ചാട്ടം, കൈതപ്പതാല്‍ സൂയിസൈഡ് പോയിന്റ് എന്നിവ കണ്ട് അന്ന് അവിടെ തങ്ങി. പിറ്റേന്ന് കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടശേഷം മടക്കം. തിരികെയുള്ള യാത്രയില്‍ കോട്ടയം പള്ളിക്കത്തോട് അരുവിക്കുഴി വെള്ളച്ചാട്ടവും കണ്ടു. രാത്രി ഒന്‍പതു മണിയോടെ നോര്‍ത്ത് സ്റ്റേഷനിലെത്തി.
ആലപ്പുഴ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ എം.കെ. രാജേഷ്, കേരള പോലീസ് അസോസിയേഷന് ജില്ലാ സെക്രട്ടറി ആന്റണി രതീഷ്, പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ ജോയിന്റ് സെക്രട്ടറി ബെന്‍സിഗര്‍ ഫെര്‍ണാണ്ടസ്, നോര്‍ത്ത് സ്റ്റേഷന് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ജെ. ജേക്കബ്, വനിതാ എസ്ഐ എസ്. ദേവിക തുടങ്ങിയവര്‍ നേതൃത്വം നല്കി.
Content Highlights: Alappuzha North Police officers enjoyed a 2-day stress-relieving trip to Vagamon. The team explored scenic spots, enjoyed trekking, and bonded over the well-deserved break.