അശരണര്‍ക്ക് അജ്ഫാന്റെ ആശ്വാസകേന്ദ്രം; സൗജന്യ ഹെല്‍ത്ത് കെയര്‍ ഫിസിയോതെറാപ്പി സെന്റര്‍

പാണക്കാട്(മലപ്പുറം): അജ്ഫാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സൗജന്യ ഹെല്‍ത്ത് കെയര്‍ ഫിസിയോതെറാപ്പി സെന്റര്‍ ചൊവ്വാഴ്ച വൈകീട്ട് നാലിന് പാണക്കാട്ട് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നാടിനു സമര്‍പ്പിക്കും. അജ്ഫാന്‍ ഡെയ്റ്റ്‌സ് ആന്‍ഡ് നട്ട്‌സ് എല്‍എല്‍പിക്കു കീഴിലാണ് കേന്ദ്രം തുറക്കുന്നത്.
തെറാപ്പി യൂണിറ്റ് പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എയും ഫാര്‍മസി സിപിഎം നേതാവ് ഇ.എന്‍. മോഹന്‍ദാസും സൗജന്യ മരുന്നുവിതരണം എ.പി. അനില്‍കുമാര്‍ എംഎല്‍എയും ഉദ്ഘാടനംചെയ്യും. പി. ഉബൈദുള്ള എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ഡോ. നെച്ചിക്കാട്ടില്‍ മുഹമ്മദ്കുട്ടി അധ്യക്ഷതവഹിക്കും. ഒതുക്കുങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ ഹാജി, മലപ്പുറം നഗരസഭാംഗം ടി.പി. സല്‍മ എന്നിവര്‍ സംസാരിക്കും.
ചികിത്സാകേന്ദ്രവും ഫിസിയോതെറാപ്പി സെന്ററും മരുന്നുവിതരണകേന്ദ്രവും സൗജന്യമായാണ് പ്രവര്‍ത്തിക്കുക. മാനുവല്‍ തെറാപ്പി, വ്യായാമ തെറാപ്പി, ഇലക്ട്രോതെറാപ്പി, ഹീറ്റ് ആന്‍ഡ് കോള്‍ഡ് തെറാപ്പി, ഹൈഡ്രോതെറാപ്പി (വാട്ടര്‍ തെറാപ്പി), ഡ്രൈ നീഡ്ലിങ്, അക്യുപങ്ചര്‍, ട്രാക്ഷന്‍ തെറാപ്പി, ഗെയ്റ്റ് ആന്‍ഡ് മൊബിലിറ്റി പരിശീലനം എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഒതുക്കുങ്ങല്‍ പഞ്ചായത്തിലെയും മലപ്പുറം നഗരസഭയിലെയും നിര്‍ധന രോഗികള്‍ക്ക് മുന്‍ഗണന നല്‍കും.
2013-ല്‍ കോഴിക്കോട് ചെറൂട്ടി റോഡില്‍ ആരംഭിച്ച അജ്ഫാന്‍ ഡെയ്റ്റ്‌സ് ആന്‍ഡ് നട്ട്‌സ് എല്‍എല്‍പിക്ക് രാജ്യത്ത് 14 സംസ്ഥാനങ്ങളിലായി 219 ഷോറൂമുകളും ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ സ്ഥാപനങ്ങളുമുണ്ട്. യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഉടന്‍ അജ്ഫാന്‍ ഷോറൂം തുടങ്ങും. അജ്ഫാന്‍ ഗ്രൂപ്പ് സ്ഥാപകന്‍ നെച്ചിക്കാട്ടില്‍ മുഹമ്മദ്കുട്ടി മലപ്പുറത്ത് ആദ്യ സംരംഭമായി 1998-ല്‍ ആരംഭിച്ച നെച്ചിക്കാട്ടില്‍ ജൂവലറിക്കൊപ്പം തുടക്കമിട്ട നെച്ചിക്കാട്ടില്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് ഈവര്‍ഷം അജ്ഫാന്‍ ചാരിറ്റബിള്‍ ട്രസ്റ്റായി വിപുലമാക്കിയത്.
വീടില്ലാത്തവര്‍ക്ക് വീട്, ഡയാലിസിസ് സെന്റര്‍, വൃക്കരോഗികള്‍ക്കും അര്‍ബുദരോഗികള്‍ക്കും സൗജന്യ ചികിത്സാസൗകര്യം, അട്ടപ്പാടി ജിടിഎസ് ട്രൈബല്‍ ആശുപത്രിയില്‍ 40 ലക്ഷം രൂപ ചെലവില്‍ അലക്കുകേന്ദ്രം, ഭിന്നശേഷിക്കാര്‍ക്ക് താമസം, പഠനം, ആരോഗ്യസംരക്ഷണം തുടങ്ങി വിവിധങ്ങളായ പദ്ധതികള്‍ ട്രസ്റ്റ് നടപ്പാക്കുന്നുണ്ട്. മാസം നാലരലക്ഷം രൂപയുടെ മരുന്നുകള്‍ രോഗികള്‍ക്ക് സൗജന്യമായി നല്‍കുന്നു. 14 ലക്ഷത്തോളം രൂപ വിവിധ പെന്‍ഷനുകളായും നല്‍കുന്നു. ഡോ. നെച്ചിക്കാട്ടില്‍ മുഹമ്മദ്കുട്ടി ചെയര്‍മാനായ ട്രസ്റ്റിന്റെ ഡയറക്ടര്‍മാരായി തേക്കില്‍ സുബൈദ, അമീര്‍ മുഹമ്മദ്, ഫഹദ് മുഹമ്മദ്, ജംഷിയ, നസ്‌റീന്‍, അമീഷ പര്‍വീന്‍ എന്നിവരും പ്രവര്‍ത്തിക്കുന്നു.
ജീവകാരുണ്യമേഖലയില്‍ എന്നുമുണ്ടാകും
ജീവകാരുണ്യമേഖലയില്‍ അജ്ഫാന്‍ എന്നും ജനങ്ങള്‍ക്കൊപ്പമുണ്ടാകും. ഇതിനകം അജ്ഫാന്‍ 1000 വീടുകള്‍ നിര്‍മിച്ചുനല്‍കി. ഈവര്‍ഷം 60 വീടുകള്‍കൂടി നല്‍കാന്‍ പദ്ധതിയുണ്ട്. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള രോഗികള്‍ക്ക് പാണക്കാട്ട് സൗജന്യ ചികിത്സാസൗകര്യമൊരുക്കുകയാണ്. അജ്ഫാന്റെ വിജയത്തിനും വളര്‍ച്ചയ്ക്കും പിന്നില്‍ എല്ലാവരുടെയും പ്രാര്‍ഥനയും സഹായസഹകരണവുമാണ്. ഇനിയും അതുണ്ടാകണം.
-ഡോ. നെച്ചിക്കാട്ടില്‍ മുഹമ്മദ്കുട്ടി,
ചെയര്‍മാന്‍, അജ്ഫാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്
Content Highlights: Ajfan Charitable Trust`s free physiotherapy & healthcare center opens in Panakkad.