സാന്ത്വനമീ മധുരം: 54 വൃക്കരോഗികള്‍ക്ക് പണം കണ്ടെത്താന്‍ 40,000 ലിറ്റര്‍ പായസചലഞ്ച്

അഭയം ഡയാലിസിസ് സെന്ററിന്റെ പായസചലഞ്ചിനുള്ള പായസം തയ്യാറാക്കുന്നു | ഫോട്ടോ: അജിത് ശങ്കരന്‍
അഭയം ഡയാലിസിസ് സെന്ററിന്റെ പായസചലഞ്ചിനുള്ള പായസം തയ്യാറാക്കുന്നു | ഫോട്ടോ: അജിത് ശങ്കരന്‍

തിരൂര്‍: പാലടപ്പായസംപോലെ മധുരതരമാവുകയാണ് തിരൂരിലെ കാരുണ്യക്കൂട്ടായ്മ. ഏഴൂര്‍ പി.സി. പടിയില്‍ തിങ്കളാഴ്ചരാത്രി 240 അടുപ്പുകളില്‍ ഒരുമിച്ചു തീതെളിഞ്ഞപ്പോള്‍ അത് 54 വൃക്കരോഗികള്‍ക്ക് ജീവിതത്തിലേക്കുള്ള വെളിച്ചമായി. അഭയം ഡയാലിസിസ് സെന്ററിലെത്തുന്ന വൃക്കരോഗികളുടെ ജീവന്‍ രക്ഷിക്കാനുള്ള പണം കണ്ടെത്താനാണ് പാലടപ്പായസ ചലഞ്ച്.

40,000 ലിറ്റര്‍ പാലടപ്പായസമാണിവിടെ തയ്യാറാക്കിയത്. ഇത് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കകം നാലുലക്ഷംപേരുടെ കൈകളിലെത്തും. ലിറ്ററിന് 250 രൂപ നിരക്കില്‍ വിതരണംചെയ്ത് 80 ലക്ഷം രൂപ സമാഹരിക്കാനാണ് ജനകീയക്കൂട്ടായ്മയുടെ ലക്ഷ്യം. തിരൂര്‍, താനൂര്‍ നഗരസഭകളിലും സമീപത്തെ 14 ഗ്രാമപ്പഞ്ചായത്തുകളിലുമാണ് പായസം വില്‍ക്കുക.

15,000 ചതുരശ്രയടി സ്ഥലത്താണ് പാചകപ്പുരയും പാക്കിങ്ങിനുമായി പന്തലൊരുക്കിയത്. 40,000 ലിറ്റര്‍ പാലും 7000 കിലോ പഞ്ചസാരയും 3000 കിലോ അടയും 200 കിലോ വെണ്ണയും 30 ടണ്‍ പുളിമരവിറകും 6000 ലിറ്റര്‍ വെള്ളവും ഉപയോഗിച്ചു. 4000 കിലോ പഞ്ചസാര തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഭാവനചെയ്തു. വിവിധ ക്ലബ്ബുകളും സന്നദ്ധസംഘടനകളും വ്യക്തികളും സഹായിച്ചു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷനാണ് മലപ്പുറം, പാലക്കാട് ജില്ലകളില്‍നിന്നായി പാചകക്കാരെ സൗജന്യമായി എത്തിച്ചത്. ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍െഫയര്‍ അസോസിയേഷന്‍ സൗജന്യമായി 240 ചെമ്പും ചരക്കും പാത്രങ്ങളും നല്‍കി.

വിവിധ പഞ്ചായത്തുകളിലും വാര്‍ഡുകളിലും നിയോഗിച്ച കോ -ഓര്‍ഡിനേറ്റര്‍മാര്‍ മുഖേനയാണ് രാവിലെ ആറരമുതല്‍ പായസം വിതരണംചെയ്യുക. 200-ലേറെ പാചകക്കാരും സ്‌നേഹതീരത്തിന്റെ 600-ലേറെ വൊളന്റിയര്‍മാരും യജ്ഞത്തിനു പിന്നിലുണ്ട്.

2013-ലാണ് അഭയം ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. സൗജന്യമായി ഡയാലിസിസ് ചെയ്തുകൊടുക്കാന്‍ മാസം ആറുലക്ഷം രൂപ ചെലവുവരും. കോവിഡ് കാലത്ത് വരുമാനംനിലച്ച് കേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കിലായതോടെയാണ് പായസ ചലഞ്ച് നടത്തി ധനസമാഹരണം നടത്തുന്നത്.

പുത്തുതോട്ടില്‍ കോയ ചെയര്‍മാനും വി.പി. കുഞ്ഞാലന്‍കുട്ടി സെക്രട്ടറിയും കൈനിക്കര ആഷിക്ക് ട്രഷററുമാണ്. മുണ്ടേക്കാട്ട് കുഞ്ഞിപ്പ കണ്‍വീനറും നാസര്‍ കുറ്റൂര്‍ ചെയര്‍മാനുമായാണ് പായസ ചലഞ്ച് കമ്മിറ്റി പ്രവര്‍ത്തനം.

Content Highlights: