22 മിനിറ്റിൽ 22 കിലോമീറ്റർ താണ്ടി; വീട്ടിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായി 108 ആംബുലൻസ് ജീവനക്കാർ

അഗളി: 22 കിലോമീറ്റര്‍ 22 മിനിറ്റില്‍ ഓടിയെത്തി, വീട്ടില്‍ പ്രസവിച്ച യുവതിക്കു രക്ഷകരായി 108 ആംബുലന്‍സിലെ ഡ്രൈവറും ജീവനക്കാരിയും. കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിലെ ഡ്രൈവര്‍ രഞ്ജിത്‌മോനും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ എന്‍.എ. ദിവ്യയുമാണ് രക്ഷകരായത്.
അട്ടപ്പാടി മേലെമുള്ളിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനി മണിമേഖല (21) ആണ് വീട്ടില്‍ പ്രസവിച്ചത്. ശനിയാഴ്ച രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. വിവരമറിഞ്ഞ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ചിത്രയാണ് 108 ആംബുലന്‍സിന്റെ സേവനം തേടിയത്. കണ്‍ട്രോള്‍ റൂമില്‍നിന്ന് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് ശനിയാഴ്ച രാവിലെ 6.22-ന് സന്ദേശം കൈമാറി. 6.44-ന് ആംബുലന്‍സ് മേലെ മുള്ളിയിലെത്തി.
എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ദിവ്യ അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടിബന്ധം വേര്‍പെടുത്തി. ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റി. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും ആശുപത്രിയില്‍ ചികിത്സയിലാണ്.
Content Highlights: 108 ambulance driver and nurse helped newborn mother and kid at agali good news