വീട് വൃത്തിയാക്കുമ്പോള്‍ ഒരിക്കലും വിട്ടുപോകരുതാത്ത ഭാഗങ്ങള്‍; അഴുക്കും പൊടിയും കുന്നുകൂടും!

സാധാരണഗതിയില്‍ ഒരു റൂമിലേക്ക് കയറിച്ചെല്ലുമ്പോള്‍ അവിടെ വൃത്തികേടായിക്കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്താന്‍ വലിയ പ്രയാസമില്ല. അടുക്കളയിലെ സിങ്കില്‍ കുന്നുകൂടിക്കിടക്കുന്ന പാത്രങ്ങളും അലക്കാന്‍ കൂട്ടിയിട്ടിരിക്കുന്ന തുണികളും എളുപ്പത്തില്‍ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റും. എന്നാല്‍, അത്ര എളുപ്പത്തില്‍ ശ്രദ്ധിക്കാന്‍ സാധ്യതയില്ലാത്തതും വൃത്തികേടാവാന്‍ സാധ്യതയേറിയതുമായ സ്ഥലങ്ങള്‍ വീട്ടില്‍ ധാരാളമുണ്ട്. വീട് വൃത്തിയാക്കുന്ന സമയത്ത് ഇവ നമ്മള്‍ പ്രത്യേക ശ്രദ്ധിക്കണം.
കട്ടില്‍, സോഫ മുതലായ ഫര്‍ണിച്ചറുകളുടെ അടിഭാഗമാണ് ആദ്യത്തെ സ്ഥലം. അടിച്ചുവാരുമ്പോഴും തുടയ്ക്കുമ്പോഴും സാധാരണഗതിയില്‍ മേശയുടെയും കട്ടിലിന്റെയുമെല്ലാം ഇടയിലൂടെയാണ് നാം വൃത്തിയാക്കാറ്. ഫര്‍ണിച്ചറിന്റെ അടിവശമൊക്കെ കമിഴ്ന്ന് വൃത്തിയാക്കാന്‍ പലരും ശ്രദ്ധിക്കാറില്ല. ഓരോ തവണയും ഇതിനുള്ള സമയവും സാവകാശവും നമുക്ക് ലഭിക്കില്ലെങ്കിലും മാസത്തിലൊരുതവണയെങ്കിലും ഇത് ചെയ്തില്ലെങ്കില്‍ ഇവിടം പൊടിയും ചിലന്തിവലയും കൊണ്ട് നിറയും. ഒരു സാധാരണ ഡസ്റ്റ് മോപ്പോ വാക്വം ക്ലീനറോ ഉപയോഗിച്ച് കട്ടിലിന്റേയും മേശയുടേയും കസേരയുടേയുമൊക്കെ അടിവശത്ത് ഉരുണ്ടുകൂടിക്കിടക്കുന്ന പൊടി നമുക്ക് നീക്കം ചെയ്യാനാവും.
വീടിന്റെ ഭിത്തിയും ബേസ്‌ബോഡുകളുമാണ് മറ്റൊരു ഭാഗം. കര്‍ട്ടനുകളെല്ലാം തുറന്നിട്ടശേഷം മുറിയിലെ സകല ലൈറ്റുകളും ഓണാക്കി നോക്കുമ്പോള്‍ കാണാം എന്തൊക്കെ അഴുക്കാണ് ഭിത്തിയിലും ബേസ്‌ബോഡിലുമായി പറ്റിപ്പിടിച്ചിരിക്കുന്നതെന്ന്. ഒറ്റനോട്ടത്തില്‍ നമ്മുടെ കണ്ണുകള്‍ ചെന്നെത്തിപ്പെടാത്ത സ്ഥലങ്ങളാണ് ബേസ്‌ബോഡുകള്‍. എന്നാല്‍ ഇതില്‍ ഒട്ടിപ്പിടിക്കുന്ന അഴുക്കിനും പൊടിയ്ക്കും കണക്കില്ല. അടുക്കള, ബാത്ത്‌റൂം പോലെയുള്ള മുറികളിലെ ഡോര്‍നോബുകള്‍ നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുകയും വേണം. കാരണം ഇവിടെ ഈര്‍പ്പം കൂടുതലടിഞ്ഞ് പൊടി ചെളിയായി ഒട്ടിപ്പിടിക്കും. ഭിത്തിയുടെ മുകളില്‍നിന്ന് താഴേക്ക് വൃത്തിയുള്ള തുണി ഉപയോഗിച്ച് അമര്‍ത്തി തുടച്ചാല്‍ മാത്രമേ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയും നാരുകളും പോവുകയുള്ളൂ.
സാധാരണ നമ്മള്‍ ക്ലീന്‍ ചെയ്യുമ്പോള്‍ കാഴ്ചയുടെ തലത്തില്‍ വരുന്നതുമാത്രമാണ് വൃത്തിയാക്കാറുള്ളത്. തറയും ടേബിളും അതിനുമുകളിലുള്ള വസ്തുക്കളും മാത്രമല്ല, ഡോര്‍ ഫ്രെയിമുകളുടെ മുകള്‍ഭാഗവും അടുക്കളയിലും മറ്റും ഉയരത്തില്‍ പിടിപ്പിച്ചിരിക്കുന്ന സ്റ്റോറേജ് ക്യാബിനറ്റുകളും പിക്ചര്‍ ഫ്രെയിമുകളും സീലിങിന്റെ മൂലകളുമെല്ലാം പൊടി കുന്നുകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളാണ്. ഇവയോടൊപ്പം സീലിങ് ഫാനുകളും ലൈറ്റ് ഫിക്‌സ്ചറുകളും കൂടി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. വലിച്ചുനീട്ടാവുന്ന ഡസ്റ്റര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ ചൂലിന്റെ അറ്റത്ത് മിനുസമുള്ള തുണി ഘടിപ്പിച്ചോ ഇവയിലെ അഴുക്ക് നമുക്ക് കളയാം.
അടുത്തത് ക്ലീനിങ് ഉപകരണങ്ങള്‍ ക്ലീന്‍ ചെയ്യുന്ന കാര്യമാണ്! വാക്വം ക്ലീനറും മോപ്പുകളും സ്‌ക്രബിങ് ബ്രഷുകളുമെല്ലാം വൃത്തിയാക്കാതെ വീണ്ടും വീണ്ടുമുപയോഗിക്കുന്നത് കൂടുതല്‍ ചെളിയാകാനേ കാരണമാകൂ. മാത്രവുമല്ല, തറയില്‍നിന്നുള്ള മുടിയും മറ്റും ഇതില്‍ കുരുങ്ങിക്കിടക്കുകയും ചെയ്യും. അതിനാല്‍ ഓരോ തവണ ഉപയോഗിച്ച ശേഷവും വാക്വം ക്ലീനറിലെ കപ്പ് ശൂന്യമാക്കുകയോ അല്ലെങ്കില്‍ ഡിസ്‌പോസബിള്‍ ബാഗുകള്‍ എടുത്തുകളയുകയോ വേണം. ബ്രഷുകളും മോപ്പുകളുമെല്ലാം സോപ്പുവെള്ളം ചൂടാക്കി അതില്‍ കഴുകി വൃത്തിയാക്കിയെടുക്കണം. അടുത്ത തവണ ഉപയോഗിക്കുന്നതിനുമുമ്പ് ഇവ ഉണക്കിയെടുക്കുകയും വേണം.
വീട്ടിലെ ഇന്‍ഡോര്‍ സസ്യങ്ങളാണ് നാം വിട്ടുപോകാന്‍ സാധ്യതയുള്ള മറ്റൊന്ന്. ഒറിജിനലോ കൃത്രിമമോ ആയ പ്ലാന്റുകളാകട്ടെ, അവ പൊടിപിടിക്കാന്‍ സാധ്യതയേറെയാണ്. ഒറിജിനല്‍ സസ്യങ്ങള്‍ നനയ്ക്കുമ്പോള്‍ അവയ്ക്ക് പൊടിയില്‍നിന്ന് കുറേ മോചനം ലഭിക്കുമെങ്കിലും മൃദുവായ ഒരു തുണിയുപയോഗിച്ച് തുടയ്ക്കുമ്പോള്‍ മാത്രമേ ഇലകളിലും മറ്റും തങ്ങിനില്‍ക്കുന്ന അഴുക്ക് പൂര്‍ണമായും നീക്കാനാവൂ.
Content Highlights: places we forget to clean in a house where dirt and grime accumulate the most