പെര്‍മനന്റ് മാര്‍ക്കറിന്റെ മഷി തുണിയില്‍ പറ്റിയാല്‍ എന്തു ചെയ്യണം?

പെര്‍മനന്റ് മാര്‍ക്കറിന്റെ മഷി വൈറ്റ് ബോര്‍ഡില്‍ നിന്നുപോലും തുടച്ചുകളയാന്‍ വലിയ ബുദ്ധിമുട്ടാണ്. തുണിയിലോ ഗ്ലാസിലോ ഫര്‍ണിച്ചറിലോ മറ്റോ ഇത് പറ്റിയാല്‍ പിന്നെ പറയാനുമില്ല. പലപ്പോളും ഇതെങ്ങനെ നീക്കം ചെയ്യുമെന്നോര്‍ത്ത് നാം ശങ്കിച്ചുനില്‍ക്കാറുണ്ട്. ഈ മഷി മായ്ക്കാനുള്ള ഏതാനും ചില പൊടിക്കൈകള്‍ നോക്കാം.
ഏത് പ്രതലത്തിലാണ് മഷി പുരണ്ടത് എന്നതനുസരിച്ച് പ്രയോഗിക്കുന്ന വിദ്യയിലും വ്യത്യാസം വരും.
ഗ്ലാസ്, പ്ലാസ്റ്റിക്, മെറ്റല്‍, സെറാമിക്, ലാമിനേറ്റ് മുതലായ കട്ടിയുള്ളതും സുഷിരങ്ങളില്ലാത്തതുമായ പ്രതലങ്ങളില്‍ പെര്‍മനന്റ് മാര്‍ക്കര്‍ കൊണ്ട് പാടുണ്ടായാല്‍ നീക്കം ചെയ്യാന്‍ പല മാര്‍ഗങ്ങളുണ്ട്:
- വൈറ്റ്‌ബോര്‍ഡ്, ഗ്ലാസ്, മെറ്റല്‍ മുതലായവയില്‍ പുരണ്ട മഷിയ്ക്ക് മുകളിലൂടെ ഡ്രൈ- ഇറേസ് മാര്‍ക്കറുപയോഗിച്ച് അതേപോലെ തന്നെ വരയ്ക്കുക. ശേഷം ഒരു തുണിയുപയോഗിച്ച് തുടച്ചുകളയുക. പെര്‍മനന്റ് മാര്‍ക്കറിന്റെ മഷിയെ അലിയിച്ചുകളയുന്ന ഒരു ലായനി ഡ്രൈ-ഇറേസ് മാര്‍ക്കറിലുള്ളതിനാല്‍ പാട് പ്രതലത്തില്‍നിന്ന് അപ്രത്യക്ഷമായിക്കോളും.
- ആല്‍ക്കഹോളാണ് മറ്റൊരു പോംവഴി. ഇത്തരം മാര്‍ക്കറിന്റെ മഷി അപ്രത്യക്ഷമാക്കാന്‍ കഴിവുള്ള ശക്തിയേറിയ ഒന്നാണ് ഐസോപ്രൊപൈല്‍ ആല്‍ക്കഹോള്‍. ഇത് പഞ്ഞിയിലോ തുണിയിലോ മുക്കി കറ പുരണ്ടിടത്തു തേച്ചാല്‍ അത് അപ്രത്യക്ഷമായിക്കോളും. വോഡ്ക പോലെയുള്ള വീര്യം കൂടിയ ആല്‍ക്കഹോളിക് പാനീയങ്ങള്‍ ഉപയോഗിച്ചും തുടയ്ക്കാം. എന്നാലിത് ഐസോപ്രൊപൈല്‍ ആല്‍ക്കഹോളിന്റെ അത്രയും ഫലപ്രദമല്ല.
- ഇനി തടികൊണ്ടുള്ള പ്രതലത്തിലാണ് മഷി പുരണ്ടതെങ്കില്‍ ബേക്കിങ് സോഡയും ടൂത്ത്‌പേസ്റ്റും കൂട്ടിക്കലര്‍ത്തി മഷിയുടെ മുകളില്‍ നനഞ്ഞ തുണി ഉപയോഗിച്ച് ശക്തിയായി തുടയ്ക്കുക. തുടര്‍ച്ചയായി വട്ടത്തില്‍ തുടയ്ക്കുന്നത് തടിയില്‍നിന്ന് മഷിയെ വേര്‍പെടുത്തും.
ഇന് തുണിത്തരങ്ങളിലാണ് മാര്‍ക്കര്‍ പറ്റിയതെങ്കില്‍ നീക്കം ചെയ്യാന്‍ അല്പംകൂടി ബുദ്ധിമുട്ടാണ്. തുണികളിലെ സുഷിരങ്ങള്‍ക്കിടയിലൂടെ മഷി ആഴ്ന്നിറങ്ങുന്നതിനാലാണിത്.
- വെള്ളത്തുണിയിലാണ് മഷി പറ്റുന്നതെങ്കില്‍ അത് സാധാരണപോലെ ബ്ലീച്ച് ചെയ്താല്‍ മതിയാകും. കളര്‍ തുണിയില്‍ ബ്ലീച്ച് ചെയ്യുന്നത് അതിന്റെ നിറം മങ്ങിക്കും.
- ഹെയര്‍ സ്‌പ്രേയില്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നതിനാല്‍ മഷി പുരണ്ടിടത്ത് അല്പം ഹെയര്‍സ്പ്രേ അടിച്ചുനോക്കാം. കുറച്ചുസമയം കഴിഞ്ഞ് ഒരു തുണി കൊണ്ട് ഒപ്പിയെടുക്കാം. മഷി അപ്രത്യക്ഷമാകുന്നതുവരെ ഇത് തുടരുക.
വൈറ്റ്‌ബോര്‍ഡുകളില്‍നിന്ന് മാര്‍ക്കര്‍ സ്‌റ്റെയിന്‍ നീക്കം ചെയ്യാനായി ബോര്‍ഡ് ക്ലീനര്‍ അഥവാ പെര്‍മനന്റ് മാര്‍ക്കര്‍ റിമൂവര്‍ ലഭ്യമാണ്. ഇത് സ്പ്രേ ചെയ്തശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചെടുത്താല്‍ മതിയാകും.
വൈറ്റ് വിനാഗിരിയാണ് പെര്‍മനന്റ് മാര്‍ക്കര്‍ മൂലമുണ്ടാകുന്ന കറ നീക്കാനുള്ള മറ്റൊരു നാച്ചുറല്‍ ക്ലീനര്‍. അല്പം വൈറ്റ് വിനാഗിരി ഒരു തുണിയില്‍ മുക്കി മഷി പോകുന്നതുവരെ തുടയ്ക്കുക. വിനാഗിരിയുടെ കൂടെ അല്പം ഉപ്പ് കൂടി ചേര്‍ക്കുന്നത് മഷി പെട്ടന്ന് മായ്ക്കാന്‍ സഹായിക്കും.
Content Highlights: how to remove marker stains from clothes furniture glass and whiteboard