ബാത്ത്‌റൂമിലെ ദുര്‍ഗന്ധം പ്രശ്‌നമാകുന്നുണ്ടോ?; പോംവഴിയുണ്ട്

പ്രതീകാത്മക ചിത്രം | Photo: canva.com/
പ്രതീകാത്മക ചിത്രം | Photo: canva.com/

വീടുകളില്‍ നിരന്തരം ശുചിത്വം ആവശ്യമുള്ള ഇടമാണ് ബാത്ത്‌റൂം. അടിക്കടി വൃത്തിയാക്കിയാലും ദുര്‍ഗന്ധം ചിലപ്പോള്‍ പോകണമെന്നില്ല. ഇത്തരം ദുര്‍ഗന്ധം മൂലം ബാത്ത്‌റൂമില്‍  ചെലവഴിക്കാന്‍ പോലും നമ്മളില്‍ ചിലരെങ്കിലും പാടുപെടാറുണ്ട്. ചില നുറുങ്ങു വിദ്യകളിലൂടെ ഇത്തരം ദുര്‍ഗന്ധം ഒഴിവാക്കാം. 

ബാത്ത്‌റൂമിലെ ദുര്‍ഗന്ധം പോകാനുള്ള ഏറ്റവും എളുപ്പമുള്ള വഴി ബേക്കിങ് സോഡ ഉപയോഗിക്കുക എന്നതാണ്. നാച്ചുറല്‍ അബ്‌സോര്‍ബെന്റ് കൂടിയാണ് ബേക്കിങ് സോഡ. കടുത്ത കറകള്‍ കളയാനും ഇത് അത്യുത്തമമാണ്. ബാത്ത്‌റൂം വൃത്തിയാക്കുന്ന സമയത്ത് വൈറ്റ് വിനീഗറിനൊപ്പം വെള്ളം ഉപയോഗിക്കുന്നതും ഗുണം ചെയ്യും. 

കുറച്ച് വിനാഗിരിയും വെള്ളവും ബൗളിലാക്കി ബാത്ത്‌റൂമിന്റെ ഒരു മൂലയ്ക്ക് വെയ്ക്കുന്നത് ദുര്‍ഗന്ധത്തെ ഒരു പരിധി വരെ അകറ്റും. ആക്ടിവേറ്റ്ഡ് ചാര്‍ക്കോള്‍ പോലുള്ളവ ഫലം കണ്ടേക്കും. നാരങ്ങയുടെ ഒരു മുറി ബാത്ത്‌റൂമില്‍ വെയ്ക്കുന്നതും നല്ലതാണ്. ആഴ്ചയിലൊരിക്കല്‍ ഇത് മാറ്റാം. 

ബാത്ത്‌റൂമില്‍ നല്ലൊരു വെന്റിലേഷനും നല്‍കാന്‍ ശ്രദ്ധിക്കാം. ഇത് ബാത്ത്‌റൂമിലെ ദുര്‍ഗന്ധം ഇല്ലാതാക്കും. എക്‌സ്‌ഹോസ്റ്റ് ഫാന്‍ പോലുള്ളവയും ഗുണകരമാണ്. കോഫി ഗ്രൗണ്ട്‌സ്, കര്‍പ്പൂരം തുടങ്ങിയവയും ബാത്ത്‌റൂമിലെ ദുര്‍ഗന്ധം ഒഴിവാക്കുന്നതിനായി ഉപയോഗിക്കാറുണ്ട്. ഇവയ്‌ക്കൊപ്പം തന്നെ ബാത്ത്‌റൂം കൃത്യമായ ഇടവേളകളില്‍ ശുചീകരിക്കുകയും വേണം. 

Content Highlights: how to avoid bad smell in bathroom, important tips