അര്‍ബുദബാധിതനായ അരുണിനായി നാട് ഒന്നിച്ചു; 10 ലക്ഷം രൂപയ്ക്ക് മനോഹരമായൊരു വീടൊരുങ്ങി

അരുണിനായി നിര്‍മിച്ച പുതിയ വീട്‌ | Photo: Mathrubhumi
അരുണിനായി നിര്‍മിച്ച പുതിയ വീട്‌ | Photo: Mathrubhumi

ഒരു നാട് ഒന്നിച്ചുചേര്‍ന്നപ്പോള്‍ പണിതുയര്‍ന്നത് മനോഹരമായ വീട്. ആ വീട് പ്ലാപ്പള്ളിപറമ്പില്‍ പി.പി.അരുണിന് (37) തണലാകും. അര്‍ബുദം ബാധിച്ച് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം.

അസുഖബാധിതനായതോടെ ഉണ്ടായിരുന്ന ജോലി നഷ്ടമായി. മൂന്ന് കുട്ടികളും ഭാര്യയും ഇരുകാലുകളും തളര്‍ന്നുകിടക്കുന്ന പ്രായമായ അച്ഛനുമായി വാടകവീടുകളിലാണ് ഇത്രയുംനാള്‍ അരുണ്‍ കഴിഞ്ഞത്. ഒരു നാട്ടുകാരന്റെ ചികിത്സയ്ക്കുള്ള ബുദ്ധിമുട്ടും വീടില്ലാത്തതുമെല്ലാം കണ്ടിരിക്കാന്‍ മാങ്ങാനംകാര്‍ക്ക് ആയില്ല.

അവര്‍ സ്ഥലംവാങ്ങി വീട് വെയ്ക്കാന്‍ തീരുമാനിച്ചു. ആദ്യപടിയായി 'അരുണ്‍ കുടുംബസഹായ ജനകീയസമിതി' രൂപവത്കരിച്ചു. ഒന്‍പത്, 10, 11 വാര്‍ഡുകളിലായി ഒരുദിവസം ഫണ്ട് പിരിവിനിറങ്ങി. 7,54,000 രൂപ കിട്ടി. കുടുംബശ്രീ കൂട്ടായ്മയും, റെസിഡെന്‍സ് അസോസിയേഷനുകളുടേയും, പ്രദേശവാസികളുടേയും, സുമനസ്സുകളുടേയും സഹായത്താല്‍ കിട്ടിയ തുക ഉപയോഗിച്ച് വിജയപുരം ഗ്രാമപ്പഞ്ചായത്തിലെ 10-ാം വാര്‍ഡ് മാങ്ങാനത്ത് മൂന്ന് സെന്റ് സ്ഥലം വാങ്ങി. 

ആ സ്ഥലത്ത് റോട്ടറി ക്ലബ്ബിന്റെയും കളത്തിപ്പടി ക്രിസ്റ്റീന്‍ പാലിയേറ്റീവ് കെയറിന്റെയും മാങ്ങാനം ബഥേല്‍ മാര്‍ത്തോമ്മ ചര്‍ച്ചിന്റെയും സുമസ്സുകളുടേയും സഹായത്താല്‍ 10 ലക്ഷം രൂപയ്ക്ക് മനോഹരമായ ഒരു വീട് പടുത്തുയര്‍ത്തി. വീടിന്റെ താക്കോല്‍ ഞായറാഴ്ച മൂന്നിന് അരുണിനും കുടുംബത്തിനും കൈമാറും. റോട്ടറി ക്ലബ്ബ് കോട്ടയം ഡിവിഷന്‍ പ്രസിഡന്റ് ഡേവിഡ് മന്നേത്ത് ഉദ്ഘാടനംചെയ്യും. ജനകീയസമിതി പ്രസിഡന്റും 10-ാം വാര്‍ഡംഗവുമായ ഷൈനി വേലങ്ങാടന്‍ അധ്യക്ഷതവഹിക്കും.

Content Highlights: villagers built a house for arun who was suffering from cancer