മോഹിപ്പിക്കുന്ന ഇന്റീരിയര്‍ ഡിസൈന്‍ ; മനോഹരമാണ് അനില്‍ കപൂറിന്റെ ബംഗ്ലാവ്

അനില്‍ കപൂര്‍|photo: Instagram.com/beautifulhomes.india/
അനില്‍ കപൂര്‍|photo: Instagram.com/beautifulhomes.india/

ബോളിവുഡില്‍ നാല്‍പത് വര്‍ഷത്തിലധികമായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് അനില്‍ കപൂര്‍. പ്രായഭേദമന്യേ അദ്ദേഹത്തിന് ആരാധകരുണ്ട്.ഇപ്പോഴിതാ അദ്ദേഹത്തിന്‍  ബംഗ്ലാവിന്റെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. അതീവ സുന്ദരമായി പണി കഴിപ്പിച്ച ബംഗ്ലാവിന്റെ വില 30 കോടിയെന്നാണ് റിപ്പോര്‍ട്ട്.

വര്‍ഷങ്ങള്‍ പഴക്കമുള്ള ബംഗ്ലാവിന് പുതിയ മേക്കോവര്‍ നല്‍കി വീണ്ടും മനോഹരമാക്കിയത് അദ്ദേഹത്തിന്റെ ഭാര്യ സുനിത കപൂറാണ്. നിരവധി ആര്‍ട്ടിസ്റ്റിക് വസ്തുക്കള്‍ നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ആഡംബര ബംഗ്ലാവ്. വളരെ മിനിമലിസ്റ്റിക്കായ നിറങ്ങളാണ് വീടിനുള്ളില്‍ ഉപയോഗിച്ചിരിക്കുന്നത്. 

വലിയ ചരിത്രമുറങ്ങുന്ന വീടാണിതെന്നാണ് അനില്‍ കപൂര്‍ പറയുന്നത്. തനിനാടന്‍ രീതിയിലുള്ള ഇന്റീരിയറുകളാണ് ബംഗ്ലാവിനെ മനോഹരമാക്കിയിരിക്കുന്നത്. തടിയില്‍ തീര്‍ത്ത ഗൃഹോപകരണങ്ങള്‍, വലിയ ജനലുകള്‍, വീടിനെ കൂടുതല്‍ മനോഹരമാക്കുന്ന ഇന്‍ഡോര്‍ പ്ലാന്റ്‌സ് എല്ലാം ചിത്രങ്ങളില്‍ കാണാം. 

വായുവും വെളിച്ചവും കയറുന്ന വിധത്തിലുള്ള നിര്‍മ്മാണവും ബംഗ്ലാവിന്റെ പ്രത്യേകതയാണ്. ഒരു മ്യൂസിയത്തെ ഓര്‍മ്മിപ്പിക്കുന്ന വിധമാണ്  ഈ വീടിന്റ ഓരോയിടവും. മുംബൈയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന വീടാണിതെന്നും എടുത്തുപറയേണ്ടതുണ്ട്.

ചിത്രത്തിന് താഴെ കമന്റുമായി നിരവധി ആരാധകരുമെത്തിയിട്ടുണ്ട്. ഈ ബംഗ്ലാവ് കണ്ടാല്‍ ഹോട്ടലാണെന്നാണ് തോന്നുന്നതെന്നും വീടായി തോന്നിക്കുന്നതില്ലെന്നും ഒരാള്‍ കമന്റ് ചെയ്തു. മേശപ്പുറത്ത് അത്രയധികം ബുക്കുകളാണ് അടുക്കിവെച്ചിരിക്കുന്നത്. എവിടെ ചായയും പലഹാരവും വെക്കുമെന്നും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്.
 

Content Highlights: Anil Kapoor,bungalow,home,actor,luxury home